വത്തിക്കാൻ: കഴിഞ്ഞ അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ വച്ചാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ മാർപാപ്പ ഇന്ന് ആശുപത്രി വിടുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിശോധിച്ചിരുന്ന ഡോക്ടർമാർ അറിയിച്ചിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് നേരെ കൈവീശി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല. അടുത്തിടെ ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവന്നിരുന്നു. ചിത്രത്തിൽ വെളള മേലങ്കിയും പർപ്പിൾ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു മാർപാപ്പ.
കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല വാർത്തകളും പുറത്തു വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന മെഡിക്കൽ ബുളളറ്റിനിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വിശദമാക്കിയിരുന്നു. ഞായറാഴ്ച അദ്ദേഹം പുറപ്പെടുവിച്ച സന്ദേശത്തിൽ ദുർബലനാണെന്നും ഒരു പരീക്ഷണ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.മാർപാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികൾ പ്രാർത്ഥന തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |