കൽപ്പറ്റ: ഒന്നേകാൽ കിലോ എം ഡി എം എയുമായി പിടിയിലായ കോഴിക്കോട് സ്വദേശികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഒന്നാം പ്രതി പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44) കാർ കണ്ടുകെട്ടി. രണ്ടാം പ്രതി ഈങ്ങാപ്പുഴ സ്വദേശി അഷ്‌കറിന്റെ കാറും ബൈക്കും കണ്ടുകെട്ടാനുള്ള റിപ്പോർട്ട് സ്മഗ്‌ളേഴ്സ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയ്‌ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിനാണ് ഇരുവരെയും എം ഡി എം എയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ഇവർ ലഹരി വാങ്ങിയത്. ലോറി ഡ്രൈവറുടെ കാബിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ലഹരി വിതരണക്കാരുടെയും വില്പനക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ എസ് പിമാരോട് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാം അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ലഹരിപ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാം. ഇവ ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ചതല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ ലഹരി പിടികൂടുന്നത് വർദ്ധിച്ചിട്ടുണ്ടെന്നും എ ഡി ജി പി വിലയിരുത്തിയിരുന്നു. ലഹരിക്കേസുകളിൽ പഴുതടച്ച അന്വേഷണം ഉണ്ടാവണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
നേരത്തെ ആലപ്പുഴ നൂറനാട് പുതുപ്പളളിക്കുന്നം ഖാൻമൻസിൽ വീട്ടിൽ പി.കെ.ഖാന്റെ (ഷൈജുഖാൻ,41) സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇയാളുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് കണ്ടു കെട്ടി ഉത്തരവായത്. 2020 മുതൽ നൂറനാട് പൊലീസ്, നൂറനാട് എക്‌സൈസ്, ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 7 കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷൈജു ഖാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |