അലിബാബയും 40 കള്ളന്മാരും, ട്രഷർ ഐലന്റ്, നിധി കാക്കുന്ന ഭൂതത്താൻ...വിലപിടിപ്പുള്ള നിധി കണ്ടെത്തുന്നതിന്റെയും നായകന്റെ ജീവിതം വിജയിക്കുന്നതിന്റെയും കഥ പറയുന്ന ചില ലോക ക്ളാസിക് കഥകളാണിവ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥകളിൽ നായകൻ കണ്ടെത്തുന്നത് സ്വർണമോ രത്നമോ ഒക്കെയാവും. എന്നാൽ പുതിയ കാലത്ത് വിലപിടിപ്പുള്ളവ എന്നാൽ കേവലം സ്വർണമോ രത്‌നാഭരണങ്ങളോ ഒന്നുമല്ല അതിലും വിലപിടിപ്പുള്ള ചില വസ്‌തുക്കളെ ഇവിടെ പരിചയപ്പെടാം.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയം
ബഹിരാകാശ യാത്രികർക്ക് താമസിക്കാനും ഒപ്പം ഭൂമിയെ ഭ്രമണപഥത്തിൽ ചുറ്റിക്കാണാനും കഴിയുന്ന പരീക്ഷണശാലയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം. വിവിധ ലോകരാജ്യങ്ങൾ സഹകരിച്ചാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നിലനിർത്തുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ചേർന്ന് കൈകാര്യം ചെയ്യുന്ന ഈ ബഹിരാകാശ നിലയത്തിന് വേണ്ടി ഇതുവരെ ചിലവഴിച്ചത് 150 ബില്യൺ ഡോളറാണ്.
ഹബിൾ ടെലസ്‌കോപ്പ്
ബഹിരാകാശ ഗവേഷണത്തിന് വേണ്ടി നിർമ്മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റേത് പോലെതന്നെ സൗരയൂഥത്തിലും അതിനുപുറത്തുമുള്ള നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റ് വസ്‌തുക്കളും നിരീക്ഷിക്കാൻ നാസ വിക്ഷേപിച്ചതാണ് ഹബിൾ ടെലസ്‌കോപ്പ്. 1990ൽ വിക്ഷേപിച്ച ഹബിൾ 35 വർഷത്തിന് ശേഷം ഇപ്പോഴും മികവാർന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രപഞ്ചത്തിന്റെ ചിത്രങ്ങൾ നമുക്ക് നൽകുന്നുണ്ട്. ലോകത്ത് ഇന്നുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിലയേറിയ ദൂരദർശിനി ഹബിൾ ആണ്. 16 ബില്യൺ ഡോളറാണ് (ഏകദേശം 1600 കോടി ഡോളർ) ഇതിന്റെ മൂല്യം.
ഹിസ്‌റ്ററി സുപ്രീം എന്ന ഉല്ലാസ നൗക
ഒരു ഉല്ലാസനൗകയ്‌ക്ക് കോടികൾ വിലവരുമോ എന്നാകും സംശയിക്കുന്നത്. ആർകിടെക്‌ച്വറൽ ഡൈജസ്റ്റ് അനുസരിച്ച് ഒരു ഉല്ലാസനൗകയ്‌ക്ക് 4.8 ബില്യൺ ഡോളർ വിലവരും. സ്‌റ്റുവർട് ഹഗ്‌സ് രൂപകൽപന ചെയ്‌ത ഈ നൗകയിൽ ഗോൾഡ് പ്ളേറ്റിംഗ് ഉണ്ട് ഒപ്പം ബഹിരാകാശത്ത് നിന്നുമുള്ള ധൂമകേതുക്കളിലെ വസ്‌തുക്കളും ടിറാനോസോറസ് റെക്‌സ് എന്ന ജീവിയുടെ എല്ലിന്റെ ഫോസിലും ഇതിൽ ചേർത്തിട്ടുണ്ട്. ഇത്തരം അത്യപൂർവ വസ്‌തുക്കൾ ചേർത്ത ഈ ഉല്ലാസ നൗക ആഴക്കടൽ സഞ്ചാരത്തിന് സഹായകമാണ്.
അംബാനിയുടെ സ്വന്തം ആന്റിലിയ
ഓരോ ഇന്ത്യക്കാരനും ആന്റിലിയ എന്നാൽ എന്താണെന്നറിയാം. ലോകത്തിലെ അതിസമ്പന്നന്മാരുടെ കൂട്ടത്തിൽ ഒരാളായ മുകേഷ് അംബാനിയുടെ മുംബയിലെ താമസസ്ഥലം. 27 നിലകളിലായി ഉയർന്നുനിൽക്കുന്ന ആന്റിലിയയിൽ ഹെലിപാടുകളും ഒരേസമയം 50 പേർക്ക് ഇരിക്കാവുന്ന തീയേറ്ററും എല്ലാമുണ്ട്. 2010ൽ രണ്ട് ബില്യൺ ഡോളർ ചിലവഴിച്ചാണ് ആന്റിലിയ പൂർത്തിയാക്കിയത്. അംബാനിയുടെ ആസ്‌തിയുടെ വർദ്ധനവ് അറിയാവുന്നതിനാൽ വർഷമിത്ര കഴിഞ്ഞിട്ടും ഈ നിർമ്മിതിയുടെ മൂല്യം ഇടിയുകയല്ല കുത്തനെ കൂടുകയാണ് ചെയ്‌തത്. ഇപ്പോൾ 4.6 ബില്യൺ ഡോളറാണ് ഈ സ്ഥലത്തിന് മൂല്യം.
എയർ ഫോഴ്‌സ് വൺ
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയർ ഫോഴ്‌സ് വൺ. ബോയിംഗ് വിമാന കമ്പനി നിർമ്മിക്കുന്ന ഈ വിമാനങ്ങൾക്ക് പല സവിശേഷതകൾ ഉണ്ട്. ലോകത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഇതിലുണ്ടാകും. അതീവ സുരക്ഷാ ക്രമീകരണങ്ങൾ ധാരാളമുണ്ട്. ഒപ്പം പറക്കലിനിടെ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറയ്‌ക്കാൻ കഴിയും. ബിസിനസ് ഇൻസൈഡർ നൽകുന്ന വിവരം അനുസരിച്ച് ഏകദേശം നാല് ബില്യൺ ഡോളറാണ് വിമാനത്തിന്റെ മൂല്യം.
ലിയോപോൾഡ വില്ല
അരനൂറ്റാണ്ടോളം ബെൽജിയത്തിന്റെയും ആഫ്രിക്കൻ രാജ്യമായ കോംഗോയുടെയും രാജാവായ കുപ്രസിന്ധനായ ലിയോപോൾ രണ്ടാമന്റെ സ്വകാര്യ വസതിയാണ് ലിയോപോൾഡ വില്ല. വമ്പൻ നിർമ്മിതികളിൽ താൽപര്യമുണ്ടായിരുന്ന ലിയോപോൾ 1902ൽ പണികഴിപ്പിച്ചതാണിത്. 12ഓളം പൂളുകളും ഹെലിപാഡുകളുമുള്ള ഈ വസതി നിരവധിപേരുടെ കൈമാറി ഇപ്പോൾ റഷ്യൻ അതിസമ്പന്നൻ മിഖായൽ പ്രോഖോറോവിന്റെ കൈവശമാണുള്ളത്. ഏകദേശം 750 മില്യൺ ഡോളർ മൂല്യം ഈ കെട്ടിടത്തിന് ഇപ്പോഴുണ്ടെന്നാണ് ഫോബ്‌സ് വാരിക കണ്ടെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |