ആലപ്പുഴ: ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചതിന് യുവാവിന് ക്രൂരമർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം. ജിബിൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ജിബിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് ജിബിനെ മർദ്ദിച്ചതെന്ന് സഹോദരൻ ലിബിൻ പറഞ്ഞു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിബിൻ. കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പെൺകുട്ടിക്ക് ഹലോ എന്ന് സന്ദേശം അയച്ചതിനാണ് മർദ്ദിച്ചതെന്നാണ് പരാതി. അരൂക്കുറ്റി പാലത്തിൽ വച്ച് ഗുണ്ടകൾ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. ശേഷം ജിബിന്റെ ബൈക്കിൽ തന്നെ അരൂക്കുറ്റിക്ക് അടുത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചു. ഗുണ്ടകൾ പട്ടികകൊണ്ട് തുടയിലും ശരീരത്തിലും അടിച്ചുവെന്ന് ലിബിൻ പറയുന്നു.
മർദ്ദനത്തിനുശേഷം ഗുണ്ടകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ബോധം വന്നപ്പോൾ വീട്ടിൽ ഗുണ്ടകളെയൊന്നും കാണാത്തതിനെത്തുടർന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ജിബിൻ പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ചാണ് ആശുപത്രിയിലെത്തിയത്. ചേർത്തലയിലെ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ജിബിനെ പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
മർദ്ദനത്തിൽ ജിബിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. നട്ടെല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേയ്ക്ക് കയറിയതായും സ്‌കാനിംഗിൽ കണ്ടെത്തി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |