തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം അഭിമാനകരവും സന്തോഷകരവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കും മറ്റ് പ്രവർത്തകർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായുളള ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
'പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ച പാർട്ടിക്കും നേതാക്കൾക്കും നന്ദിയുണ്ട്. ബിജെപിയുടെ എല്ലാ മുൻ അദ്ധ്യക്ഷൻമാർക്കും നന്ദി അറിയിക്കുന്നു. പാർട്ടിക്കുവേണ്ടി ബലിദാനികളായവരോട് കടപ്പെട്ടിരിക്കുന്നു. ബലിദാനികളുടെ ത്യാഗമോർത്ത് മുന്നോട്ട് പോകും. കേരളത്തിലെ ബിജെപിയുടെ കരുത്ത് മനസിലായത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. ബിജെപി പ്രവർത്തകരുടെ പാർട്ടിയായിരുന്നു അന്ന്. നാളെയും അങ്ങനെ തന്നെയായിരിക്കും. എന്തുകൊണ്ട് കടം വാങ്ങി മാത്രം കേരളത്തിന് മുന്നോട്ടുപോകാനാകുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ട് കുട്ടികൾക്ക് പഠിക്കാൻ പുറത്തു പോകേണ്ടി വരുന്നു?
കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ വരുന്നില്ല. കേരളത്തിൽ വികസന മുരടിപ്പാണ്.എല്ലാം ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണ്.കേരളം മാറണമെന്നതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങളില്ലെങ്കിൽ യുവാക്കൾ ഇവിടെ നിൽക്കില്ല. നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്. വികസന സന്ദേശങ്ങൾ ഓരോ വീട്ടിലും എത്തിക്കേണ്ടതുണ്ട്. മാറ്റം കൊണ്ടുവരാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണം. എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ദൗത്യം.
അത് പൂർത്തീകരിച്ചതിനുശേഷമേ ഞാൻ മടങ്ങിപ്പോകുളളൂ. അതിനായി മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണ്. കേരളത്തിലെ രണ്ട് പാർട്ടികൾ പാലിക്കപ്പെടാത്ത വാഗ്ദാനം നൽകിയതിനാൽ ആളുകൾക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. തകർന്ന് കിടന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നരേന്ദ്രമോദി മികച്ചതാക്കി. ബിജെപി പുതിയ ഇന്ത്യയാക്കി മാറ്റി. പറഞ്ഞത് ചെയ്യുമെന്ന മോദി സർക്കാരിന്റെ നയമാണ്. കേരളത്തിലും ഞങ്ങളുടെ ദൗത്യം അതാണ്'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |