കാസർകോട്: പശ്ചിമ ആഫ്രിക്കൻ തീരത്ത് നിന്ന് മദ്ധ്യ ആഫ്രിക്കൻ രാജ്യമായ കമറൂണിലെ ദുവാല തുറമുഖം ലക്ഷ്യമിട്ട് ബിറ്റുമിനുമായി പുറപ്പെട്ട ബിറ്റു റിവർ കപ്പലിൽ നിന്ന് കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയവർ ഇപ്പോഴും അജ്ഞാത കേന്ദ്രത്തിൽ തന്നെ. കാസർകോട് തച്ചങ്ങാട് കോട്ടപ്പുറം സ്വദേശി രജീന്ദ്രൻ ഭാർഗവൻ (34) അടക്കമുള്ളവർ ബന്ദി?യാക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് അറിഞ്ഞതോടെ വീട്ടുകാർ കടുത്ത ആശങ്കയിലാണ്.
മുംബൈ ഓഫീസുമായി ബന്ധപെടുമ്പോൾ 'അറിയിക്കാം' എന്ന മറുപടി മാത്രമാണ് കിട്ടുന്നതെന്ന് രജീന്ദ്രന്റെ വീട്ടുകാർ പറഞ്ഞു.എം.പിമാരുടെ അഭ്യർത്ഥന അനുസരിച്ച് ഇടപെട്ട കേന്ദ്ര വിദേശകാര്യ മന്ത്രാലയം എംബസി മുഖേന അവിടത്തെ അധികാരികളുമായി ആശയവിനിമയം നടത്തിവരികയാണ്. ബന്ദികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം, കപ്പലിൽ നിന്ന് തട്ടിക്കൊണ്ടു പോയ 10 പേരിൽ 7 പേർ ഇന്ത്യക്കാരും മറ്റുള്ള മൂന്ന് പേർ റുമാനിയയിൽ നിന്നുള്ളവരുമാണെന് കപ്പൽ കമ്പനി അറിയിച്ചു. രജീന്ദ്രൻ ഭാർഗവനെ കൂടാതെ മൂന്ന് വർഷമായി മാറീടെക്ക് കമ്പനിയിൽ സെക്കന്റ് മേറ്റ് ആയി ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരൻ പ്രദീപ് മുരുകൻ, കരൂർ സ്വദേശി സതീഷ് കുമാർ സെൽവരാജ്, സന്ദീപ് കുമാർ സിംഗ് (ബീഹാർ), ആസിഫ് അലി (മിനിക്കോയി), സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ (ഇരുവരും മഹാരാഷ്ട്ര) എന്നിവരാണ് മറ്റു ഇന്ത്യ ക്കാർ. രജീന്ദ്രൻ കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ഈ കപ്പലിൽ ചീഫ് കുക്കായി കയറിയത്. ഏറെ വൈകാതെ കരാർ അവസാനിച്ച് നാട്ടിലെത്താനിരിക്കെയാണ് സംഭവം.
കപ്പൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് മർച്ചന്റ് നേവി ക്ലബ്
പാലക്കുന്ന്: കടൽ കൊള്ളക്കാരുടെ ഭീഷണിയുള്ള കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ കപ്പലിൽ ഒരുക്കിയില്ലെന്ന് മനസിലാകുന്നതായി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ആഫ്രിക്കയുടെ പശ്ചിമ തീരം, സൊമാലിയ, മലാക്ക സ്ട്രൈറ്റ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ കപ്പലിന്റെ അപ്പർ ഡെക്കിൽ മുള്ളുവേലികെട്ടുക, അതീവ മർദ്ദത്തിലൂടെ ജലം ചീറ്റുക, ലുക്ക് ഔട്ട് നടത്തുക തുടങ്ങിയ സുരക്ഷ നടപടികൾ കൈകൊണ്ടിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടൽ കൊള്ള ഭീഷണിയുള്ള ഇടങ്ങളിലൂടെയുള്ള യാത്രയിൽ പുറത്തു നിന്നുള്ളവരെ ഇതിനായി നിയോഗിക്കുന്നതും പതിവാണ്. ഇതൊക്ക ബിറ്റു റിവരിൽ പാലിച്ചില്ലെന്ന് മർച്ചന്റ് നേവി ക്ലബ്ബിന്റെ പത്ര കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |