കോഴിക്കോട്: സ്ഥിര നിയമനം ഒഴിവാക്കി കരാർ നിയമനം നടത്താമെന്ന ഉത്തരവിനെതിരെ ഭരണകക്ഷി യൂണിയനടക്കം രംഗത്തെത്തിയപ്പോൾ ഇന്നലെ തിരുത്തൽ വരുത്തി ധനകാര്യവകുപ്പ്സർക്കുലർ ഇറക്കി. അപ്പോഴും സ്ഥിരനിയമനം സംബന്ധിച്ച് മൗനം പാലിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയ ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകൾ അനാവശ്യമാണെന്നും നിർബന്ധമാണെങ്കിൽ ഒഴിവുകൾ നികത്താൻ കരാർ നിയമനം നടത്താമെന്നും നിർദേശിച്ച് മാർച്ച് 20ന് ധനകാര്യ അഡിഷണൽ ചീഫ്‌സെക്രട്ടറി ഡോ.എ.ജയതിലക് ഇറക്കിയ ഉത്തരവാണ് വിവാദമായത്.
കരാർ നിയമനം നടത്താമെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ സർക്കുലർ. ഇ-ഓഫീസ് സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ ഈ തസ്തികളുടെ ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അനിവാര്യമായ തസ്തികകളുടെ എണ്ണം വകുപ്പ്മേധാവികൾ തിട്ടപ്പെടുത്തണമെന്നാണ് പുതിയ നിർദേശം. എന്നാൽ,
അഭിമുഖം കഴിഞ്ഞ് ജോലിക്ക് കാത്തിരിക്കുന്നവർക്ക് നിയമനമുണ്ടാവുമോ എന്നകാര്യത്തിൽ ഒരു വ്യക്തതയുമില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
ആദ്യ സർക്കുലറിന് എതിരെ
സർക്കാർ അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും പ്രതിപക്ഷ സംഘടനയായ എൻ.ജി.ഒ അസോസിയേഷനും രംഗത്തെത്തിയിരുന്നു. നിരവധിപേർ പി.എസ്.സി വഴിയുള്ള നിയമനത്തിൽ കണ്ണും നട്ടിരിക്കുമ്പോൾ ഒഴിവുകൾ കരാർ നിയമനത്തിലൂടെ നികത്തണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാറും പ്രസിഡന്റ് എം.വി.ശശിധരനും ആവശ്യപ്പെട്ടത്. നിയമന നിരോധനത്തിനുള്ള തുടക്കമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ കുറ്റപ്പെടുത്തിയത്.
സർക്കുലറിലെ മറ്റ് നിർദ്ദേശങ്ങൾ
# ഔദ്യോഗിക വാഹനങ്ങൾ ഓഫീസ് ആവശ്യത്തിന് മാത്രം ഓടുക. ഓഫീസുകളുടെ നിയന്ത്രണ പരിധിയിലല്ലാതെ യാത്രനടത്തിയാൽ കർശന നടപടി.
# ആവശ്യമില്ലാത്ത പദ്ധതി പ്രോജക്ടുകൾ കണ്ടെത്തി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക.
# സ്വന്തമായി വരുമാനമുള്ള ഗ്രാന്റ്-ഇൻ-എയ്ഡഡ് സ്ഥാപനങ്ങൾ റിസോഴ്‌സ് ഗാപ്പ് നികത്തുന്നതിന് സർക്കാർ ഗ്രാന്റുകളെ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |