ന്യൂഡൽഹി : ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണർ പദവിയിലെത്തി സൗഹൃദാന്തരീക്ഷത്തിൽ പോകുമ്പോഴും സുപ്രീംകോടതിയിലെ കേസിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. ബില്ലുകളിൽ തീരുമാനമെടുക്കാതെ അടയിരുന്ന മുൻ ഗവർണറുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ അടിയന്തരമായി വാദം കേട്ട് അന്തിമ തീരുമാനമെടുക്കണമെന്ന് സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഉചിതമായ ബെഞ്ചിലേക്ക് ഹർജികൾ വിടാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉറപ്പുനൽകി.
തമിഴ്നാട് സർക്കാരിന്റെ സമാനമായ പരാതി ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ചിലുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി.
ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ചിരുന്ന രണ്ടു ബില്ലുകൾക്ക് അംഗീകാരം നൽകാതെ കഴിഞ്ഞ ദിവസം മടക്കിയത് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ, യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബിൽ എന്നിവയ്‌ക്കാണ് രാഷ്ട്രപതി അംഗീകാരം നിഷേധിച്ചത്. ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതും, രാഷ്ട്രപതിക്ക് വിട്ട നടപടിയും ഉൾപ്പെടെ ചോദ്യംചെയ്‌ത് കേരളം സമർപ്പിച്ച ഹർജികൾ ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്‌തിരുന്നു. മറ്റു കേസുകളിലെ വാദം നീണ്ടതോടെ കേരളത്തിന്റേത് പരിഗണിക്കില്ലെന്ന് വ്യക്തമായി. ഇതോടെ, വിഷയം അഡ്വ. കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
സമയപരിധി നിശ്ചയിക്കണം
നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരം വ്യവസ്ഥ ചെയ്‌തിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 200ലാണ്. അംഗീകാരം നൽകാതെ തടഞ്ഞുവയ്‌ക്കൽ, പുനഃപരിശോധനയ്‌ക്ക് നിയമസഭയ്‌ക്ക് തിരിച്ചയയ്ക്കൽ, രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടൽ എന്നിവ ഏതെല്ലാം സാഹചര്യങ്ങളിൽ ആകാമെന്ന മാർഗ്ഗരേഖ കോടതി നൽകണമെന്നതാണ് സർക്കാരിന്റെ ആവശ്യം. ' എത്രയും വേഗം തീരുമാനമെടുക്കണം' എന്ന ഭരണഘടനാ വ്യവസ്ഥ വ്യാഖ്യാനിച്ച് വ്യക്തത വരുത്തണം. തീരുമാനമെടുക്കാൻ ഗവർണർക്ക് സയമപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |