കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ച കൊടകര കുഴൽപ്പണക്കേസ് കവർച്ച മാത്രമാണെന്ന് വ്യക്തമാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി നേതാക്കളെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. ആലപ്പുഴയിൽ നക്ഷത്ര ഹോട്ടൽ വാങ്ങാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചതെന്നാണ് കണ്ടെത്തൽ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയം (പി.എം.എൽ.എ) പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 23 പ്രതികളുണ്ട്.കോഴിക്കോട്ടെ അബ്കാരി ധർമ്മരാജൻ ആലപ്പുഴയിലെ ഹോട്ടൽ വാങ്ങുന്നതിന് കൈമാറാൻ ഡ്രൈവർ ഷംജീറിനെ ഏല്പിച്ച 3.56 കോടി രൂപയാണ് കവർന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കവർച്ചയാണെന്നും രാഷ്ട്രീയബന്ധമില്ലെന്നും ഇ.ഡി വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ധർമ്മരാജൻ ഹാജരാക്കി.കേസിൽ 23 പ്രതികളുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയിരുന്നു.മൂന്നു ലക്ഷം രൂപയും എട്ടു ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം 2023 ജനുവരി 30നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
ബി.ജെ.പി ഫണ്ടെന്ന്
പൊലീസ്
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കാറിൽ നിന്ന് 3.56 കോടി രൂപ കവർന്നത്. കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച തുക ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടത്തുന്നതിനിടെ കവർച്ച ചെയ്യപ്പെട്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ചെലവിന് കൊണ്ടുവന്ന തുകയാണെന്ന് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് ആരോപിച്ചിരുന്നു. ജില്ലാ ഓഫീസിൽ ചാക്കിലെത്തിച്ച തുകയുടെ ഒരു ഭാഗമാണ് കൊള്ളയടിക്കപ്പെട്ടതെന്നും പറഞ്ഞു. പണം കൊണ്ടുവന്നതിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ എന്നിവർക്ക് പങ്കുണ്ടെന്നും സതീഷ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |