ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ നടപടികളിലൂടെ വിവാദനായകനായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ മേധാവി സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (ഇ.എ.സി.പി.എം) മുഴുവൻ സമയ അംഗമായി നിയമിച്ചു. 2024 നവംബറിൽ മരിച്ച മുൻ ചെയർമാൻ ബിബേക് ഡെബ്രോയിക്ക് പകരമാണ് നിയമനം.
2018ൽ മിശ്ര ഡയറക്ടർ ആയശേഷമാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണങ്ങൾ വേഗത്തിലാക്കിയത്. 2,000ത്തിലധികം റെയ്ഡുകൾ നടത്തുകയും ആദ്യ നാല് വർഷങ്ങളിൽ മാത്രം 65,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ കാലാവധി തുടർച്ചയായി നീട്ടിയത് വിവാദമാകുകയും സുപ്രീംകോടതി ഇടപെടുകയും ചെയ്തു. കാലാവധി നീട്ടിക്കൊടുത്തത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതോടെയാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് വഴി ഇ.ഡി, സി.ബി.ഐ മേധാവിമാർക്ക് അഞ്ചു വർഷ കാലാവധി ഉറപ്പാക്കുന്ന ബിൽ കൊണ്ടുവന്നത്. 2022 നവംബറിൽ, മിശ്രയുടെ കാലാവധി മൂന്നാം തവണ നീട്ടിയത് അസാധുവാണെന്ന് 2023 ജൂലായിൽ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. എങ്കിലും 2023 സെപ്തംബർ വരെ അദ്ദേഹത്തെ തുടരാൻ അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |