കൊല്ലം: പീഡനത്തിന് ഇരയാക്കിയ യുവതിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ സി.ഐയെ അന്വേഷിച്ച് തൃശൂരിൽ നിന്ന് പൊലീസ് സംഘം കൊല്ലത്ത് എത്തി. തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയിലെ പഴയന്നൂർ പൊലീസാണ് ഇന്നലെ കൊട്ടിയം പൊലീസ് പരിധിയിലുള്ള സി.ഐയുടെ ഭാര്യവീട്ടിൽ അന്വേഷണത്തിന് എത്തിയത്.
അന്വേഷണം നേരിടുന്ന സി.ഐ സംഭവത്തിലെ ഇരയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പഴയന്നൂർ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം ഉമയനല്ലൂരിലെ വീട്ടിൽ ലോക്കൽ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും സി.ഐയെ കണ്ടെത്താനായില്ല. പാലക്കാട് ജില്ലയിലാണ് ഐ.പി.സി 376 (ബലാത്സംഗം) പ്രകാരം സി ഐക്കെതിരെ അന്വേഷണം നടന്നത്. ഈ സംഭവത്തിൽ സസ്‌പെൻഷനിലായ സി.ഐ ക്കെതിരെയുള്ള കേസ് ഉന്നതർ ഇടപെട്ട് ഒത്തുതീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പീഡന കേസിൽ ആറ് മാസത്തോളം സസ്‌പെൻഷനിലായ സി.ഐ അടുത്തിടെയാണ് സർവീസിൽ തിരികെ പ്രവേശിച്ചത്.
എന്നാൽ ഏറെനാളായി ഈ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ വീട്ടിൽ വരാറില്ലെന്ന വിവരമാണ് ഇവിടെ നിന്ന് ലഭിച്ചത്. വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതോടെ നേരത്തെ ഒതുക്കിയതായി സംശയമുള്ള പീഡന കേസ് പൊന്തിവന്നേക്കുമെന്നും അങ്ങനെയായാൽ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നതർ കുടുങ്ങുമെന്നും പൊലീസിൽ സംസാരമുണ്ട്. കഴിഞ്ഞ ദിവസം എ.സി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ഈ സ്ത്രീയെ ഏതോ കേന്ദ്രത്തിൽ വിളിച്ചുവരുത്തി സംസാരിച്ച ശേഷം അവർ ടൂ വീലറിൽ മടങ്ങവേ ആയിരുന്നു സി.ഐ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതെന്നാണ് വിവരം. സന്ധി സംഭാഷണം പാളിയെന്ന വിവരം ഉന്നത ഉദ്യോഗസ്ഥൻ സി.ഐയെ അറിയിച്ചതിനെ തുടർന്നായിരിക്കും വധിക്കാൻ ശ്രമിച്ചതെന്നും സംശയിക്കുന്നു. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |