തൃശൂർ: തടവുകാരെ നല്ല പൗരൻമാരാക്കി പുറത്തേക്കു വിടുകയെന്ന ലക്ഷ്യംമുൻനിറുത്തി സെൻട്രൽ ജയിലുകൾക്ക് കറക്ഷണൽ ഹോംസ് എന്ന പേര് നൽകിയെങ്കിലും തിരുത്തൽ നടപടികൾ പേരിന് മാത്രം. നല്ല ഭക്ഷണവും ആവശ്യത്തിന് പണവും കിട്ടുന്ന തടവുകാരിൽ പലരും കൂട്ടുകാരുമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് പുറത്തിറങ്ങി വലിയ ക്രിമിനലുകളായി മാറുകയാണ്.
നല്ല പൗരൻമാരാക്കുതിന്റെ ഭാഗമായാണ് ആഹാരക്രമത്തിലും മാറ്റം വരുത്തിയത്. ആഴ്ചയിൽ ഒരിക്കൽ മട്ടൺ കറിയും രണ്ടു തവണ മീൻ കറിയും നൽകുന്നുണ്ട്. പ്രത്യേക ആഘോഷങ്ങളിൽ ബീഫും ചിക്കനും നൽകും. ശനിയാഴ്ച ദിവസങ്ങളിലാണ് മട്ടൻ കറി. തിങ്കൾ, ബുധൻ ദിവസങ്ങളിൽ മീൻ കറിയും നൽകും. പണിയെടുക്കുന്ന തടവുകാർക്ക് ദിവസ കൂലിയെന്ന നിലയിൽ 63 രൂപ മുതൽ 230 രൂപ വരെയാണ് നൽകുന്നത്.
കലയിലൂടെയും സാഹിത്യത്തിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും മാനസാന്തരം വരുത്താനാണ് പദ്ധതിയിട്ടത്.
കലാ പരിപാടികളും ഫിലിം ഫെസ്റ്റിവലുമൊക്കെ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തടവുകാരുടെ സ്വഭാവമനുസരിച്ച് കൗൺസലിംഗുകൾ കൊടുക്കുന്നത് വിരളമാണ്.
കൊലപാതകത്തിന് ജയിലിലായിരുന്ന നെൻമാറയിലെ ചെന്താമര പുറത്തിറങ്ങി വീണ്ടും കൊലപാതകങ്ങൾ നടത്തിയതിനു കാരണം ഇത്തരക്കാരെ കൗൺസലിംഗ് നടത്തി നേർവഴിക്കെത്തിക്കാൻ ശ്രമിക്കാത്തതുകൊണ്ടാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
തടവുകാരുടെ എണ്ണം കൂടുന്നതും തടസമായി മാറുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
പൂജപ്പുര, വിയ്യൂർ, കണ്ണൂർ, തവനൂർ എന്നീ നാല് സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോംസ് ആണുള്ളത്.
ജയിൽ ശേഷി കടത്തിവെട്ടി തടവുകാർ പെരുകുന്നു
ജയിൽ................പാർപ്പിക്കാവുന്നവരുടെ എണ്ണം..............നിലവിലുളള തടവുകാർ
പൂജപ്പുര................................725.............................................................1350
കണ്ണൂർ..................................948.............................................................1000
തവനൂർ...............................568...............................................................650
വിയ്യൂർ..................................553...............................................................600
തടവുകാരെ നല്ല പൗരൻമാരാക്കി മാറ്റുന്നതിന്റെ ഭാഗമായി പല പരിപാടികളും ജയിലിൽ ഒരുക്കാറുണ്ട്. ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള കലാപരിപാടികൾ ജയിലിൽ നടത്തുന്നുണ്ട്. കലകളിലൂടെയും സാഹിത്യ പ്രവർത്തനങ്ങളിലൂടെയും തടവുകാരുടെ മനസ് മാറ്റിയെടുക്കുന്നതിനുള്ള പരിപാടികളാണ് പ്രധാനമായും നടത്തിവരുന്നത്.
-കെ. അനിൽകുമാർ, ജയിൽ സൂപ്രണ്ട്, വിയ്യൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |