വാഷിംഗ്ടണ്‍ ഡി.സി: വിദ്യാഭ്യാസത്തിനായി രാജ്യത്ത് എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് അമേരിക്ക. വിദ്യാര്‍ത്ഥികള്‍ വിസാ നിബന്ധനകള്‍ പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. തുര്‍ക്കിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി റുമേയ ഓസ്ടറുടെ വിസ റദ്ദാക്കിയ സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനല്ല അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കുന്നതെന്നും പഠനത്തിന് വേണ്ടിയാണെന്നും മാര്‍ക്കോ വ്യക്തമാക്കി.
ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് തുര്‍ക്കിയില്‍നിന്നുള്ള റുമേയ ഓസ്ടര്‍ക്ക് എന്ന വിദ്യാര്‍ത്ഥിനിയുടെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്ന. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ് ഓസ്ടര്‍ക്ക്. എന്നാല്‍, ഇവരെ നാടുകടത്താനുള്ള തീരുമാനത്തെ ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. അമേരിക്ക വിസ നല്‍കുന്നത് പഠിക്കാനും ബിരുദം നേടാനുമാണ്. നമ്മുടെ സര്‍വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹിക പ്രവര്‍ത്തനത്തിനല്ല. അതിനാല്‍ അവരുടെ വിസ റദ്ദാക്കേണ്ടി വന്നു- മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ നിരവധിപേരെ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ രഞ്ജിനി ശ്രീനിവാസനാണ് അമേരിക്കയില്‍നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയത്. കൊളംബിയ സര്‍വകലാശാല ക്യാമ്പസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഹ്‌മൂദ് ഖലീല്‍ എന്ന പൂര്‍വ വിദ്യാര്‍ത്ഥി യു.എസില്‍ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |