റിയോ ഡി ജനീറോ: ലാറ്റിനമേരിക്കൻ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീനയോടേറ്റ വമ്പൻ തോൽവിക്ക് പിന്നാലെ കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ ദിവസം ഇതിഹാസ താരം മെസിയില്ലാതെ ഇറങ്ങിയിട്ടും ഒന്നിനെതിരെ 4 ഗോളുകൾക്ക് ആണ് അർജന്റീന ബ്രസീലിനെ വീഴ്ത്തിയത്. ഈ മത്സരം കഴിഞ്ഞ് മൂന്നാം ദിവസം സോറിവലിന് സ്ഥാനം നഷ്ടമാവുകയായിരുന്നു.
2024 ജനുവരിയിലാണ് ഡോറിവൽ ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഡോറിവലിന്റെ കീഴിൽ കളിച്ച 16 മത്സരങ്ങളിൽ 7 എണ്ണത്തിൽ മാത്രമേ ബ്രസീലിന് ജയിക്കാനായുള്ളൂ. 7 എണ്ണം സമനിലയായി. രണ്ടെണ്ണത്തിൽ തോറ്റു. ഇംഗ്ലണ്ടിനെതിരായ ജയത്തോടെയാണ് ഡോറിവൽ ബ്രസീലിന്റെ കോച്ചായുള്ള കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് കാര്യങ്ങൾ അത്ര പന്തിയായില്ല. കോപ്പ അമേരിക്ക പോരാട്ടത്തിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായി.
നാലാമത്
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ 4-ാം സ്ഥാനത്ത് ആണ് ബ്രസീൽ. 5 തവണ ചാമ്പ്യൻമാരായിട്ടുള്ള ടീമിന് ഇത്തവണ ലോകകപ്പ് യോഗ്യത ഉറപ്പിക്കാനായിട്ടില്ല. ജൂൺ 4 ന് ഇക്വഡോറിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അതിന് മുൻപ് പുതിയ പരിശീലകൻ ചുമതലയേറ്റെടുക്കും. സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിന്റെ പരിശീലകൻ കാർലോ ആൻസലോട്ടി ഉൾപ്പടെയുള്ള പ്രമുഖരെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |