ബാങ്കോക്ക്: അയൽ രാജ്യമായ മ്യാൻമറിലുണ്ടായ ഭൂകമ്പം തായ്‌ലൻഡിലെ പ്രകമ്പനം കൊള്ളിച്ചപ്പോഴും ബാങ്കോക്കിലെ പൊലീസ് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കൈകളെ തളർത്തിയില്ല. വെള്ളിയാഴ്ച ബാങ്കോക്കിൽ ഭൂകമ്പം അനുഭവപ്പെടുമ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു ഒരുകൂട്ടം ഡോക്ടർമാർ. പൂർണ ഗർഭിണിയായ യുവതിയായിരുന്നു മുന്നിൽ. പ്രകമ്പനത്തിൽ കെട്ടിടം വിറച്ചതോടെ രോഗികളെ മുഴുവൻ പുറത്തേക്ക് മാറ്റേണ്ടി വന്നു. എന്നിട്ടും ഡോക്ടർമാർ പതറിയില്ല. യുവതിയെ പുറത്തുള്ള പാർക്കിൽ എത്തിച്ച മെഡിക്കൽ സംഘം ദൗത്യം തുടർന്നു. ചുറ്റും ആരോഗ്യ പ്രവർത്തകർ കാവലായി നിന്നും. മിനിറ്റുകൾ നീണ്ട നെഞ്ചിടിപ്പിനൊടുവിൽ ആൺകുഞ്ഞിനെ ഡോക്ടർമാർ പുറത്തെടുത്തു. 'മിറക്കിൾ ബേബി" ! ദുരന്തത്തിനിടെയിലെ അതിജീവനത്തിന്റെ അവിശ്വസനീയ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി അധികൃതർ പറഞ്ഞു. തുടർ ചലന ഭീതി ഒഴിഞ്ഞതോടെ എല്ലാ രോഗികളെയും ആശുപത്രിയിലെ റൂമുകളിലേക്ക് മാറ്റി.
തായ്‌ലൻഡ് സാധാരണ നിലയിലേക്ക് : ഷിനവത്ര
തായ്‌ലൻഡ് സാധാരണ നിലയിലേക്ക് മടങ്ങുന്നതായി പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്ര പറഞ്ഞു. തലസ്ഥാനമായ ബാങ്കോക്കിലാണ് ഭൂകമ്പം നാശം വിതച്ചത്. നിർമ്മാണത്തിലിരുന്ന 30 നില കെട്ടിടം തകർന്നതാണ് ഇവിടെയുണ്ടായ വലിയ ദുരന്തം. മറ്റ് കെട്ടിടങ്ങൾ ഇതുപോലെ തകർന്നടിഞ്ഞിട്ടില്ലെന്ന് ഷിനവത്ര പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിലെ തെരച്ചിലിന് റോബോട്ടുകളെ അടക്കം വിന്യസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |