അഖില ലോക വിഡ്ഢിദിനമെന്ന് മുദ്രചാർത്തപ്പെട്ട ഏപ്രിൽ ഒന്നിനാണ് ഇന്ത്യയിൽ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കം. ജനങ്ങളുടെ ജീവിതഭാരം കൂടുതൽ വിഷമകരമാക്കുന്ന കേന്ദ്ര - സംസ്ഥാന നികുതിഭാരം വർദ്ധിക്കുന്നതും ഇന്നു മുതലാണ്. പതിവിനു വിരുദ്ധമായി കേന്ദ്രം ഇക്കുറി വലിയ നികുതിവർദ്ധനവൊന്നും ബഡ്‌ജറ്റിൽ വരുത്തിയിട്ടില്ല. നേരെമറിച്ച് നികുതിദായകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ തീരുമാനങ്ങളെടുത്തിട്ടുമുണ്ട്. പന്ത്രണ്ടുലക്ഷം രൂപ വരെയുള്ള ശമ്പള വരുമാനക്കാരെ നികുതിവലയിൽ നിന്ന് പൂർണമായും മുക്തരാക്കിയതുവഴി ഈ വിഭാഗം ജീവനക്കാർ ആഹ്ളാദചിത്തരാണ്. അതുപോലെ, നികുതിഘടനയിലെ മാറ്റങ്ങൾ വഴി വേറെയും ആനുകൂല്യങ്ങളുണ്ട്. സാമൂഹിക രംഗത്തും സാമ്പത്തിക രംഗത്തും ജനജീവിതം മെച്ചപ്പെടുത്താനുതകുന്ന നല്ല തീരുമാനങ്ങൾ വേറെയുമുണ്ട്. ജീവൻരക്ഷാ മരുന്നുകളുടെ വില കുറച്ചതും ക്യാൻസർ മുതലായ മാരക രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വില കുറച്ചതും ഇതിൽ ഉൾപ്പെടുന്നു.
സാമ്പത്തിക രംഗത്തെ വികസനം മുൻനിറുത്തി ഒട്ടേറെ പുതിയ പരിപാടികളുണ്ടെന്നതാണ് ബഡ്‌ജറ്റിന്റെ സവിശേഷത. ടി.ഡി.എസിൽ വരുത്തിയ മാറ്റവും ഏകീകൃത പെൻഷൻ വ്യവസ്ഥയിൽ വന്ന മാറ്റവും പതിനാറു ലക്ഷത്തോളം വരുന്ന കേന്ദ്ര ജീവനക്കാർക്ക് നേട്ടമാണ്. ജീവനക്കാരെ സംബന്ധിച്ച് പുതിയ ശമ്പള കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. വിഹിതം പോരെന്നു പറഞ്ഞ് മിക്കവാറും എല്ലാ സംസ്ഥാനങ്ങളും പരാതി പറയുന്നുണ്ടെങ്കിലും രാജ്യം പൊതുവേ അംഗീകരിക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റ്.
ഇങ്ങ് കേരളത്തിലേക്കു വന്നാൽ രണ്ടു തിരഞ്ഞെടുപ്പുകൾ നേരിടേണ്ട സാഹചര്യത്തിന്റെ സമ്മർദ്ദത്തിലാണ് സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിച്ചത്. പദ്ധതി ചെലവുകൾ ഒന്നേമുക്കാൽ ലക്ഷം കോടി രൂപ കവിഞ്ഞുവെന്നാണ് ധനമന്ത്രി ബാലഗോപാൽ പറയുന്നത്. ഇതിൽ 84,000 കോടി രൂപയേ തനതു വരുമാനമായുള്ളൂ.
ക്ഷേമ പെൻഷനുവേണ്ടി മാത്രം ഒരുലക്ഷത്തിലധികം കോടി രൂപ ചെലവഴിച്ചു എന്നു പറയുമ്പോൾ നികുതിവരുമാനത്തിന്റെ ഏതാണ്ട് പൂർണമായ തുകയിലുമധികം ക്ഷേമ പെൻഷൻ വിഹിതമായി മാറ്റിവയ്ക്കേണ്ടിവരുന്നു. യാത്രക്കാരുടെ പക്കൽ നിന്ന് പണം വാങ്ങി യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി 1512 കോടി സർക്കാരിൽ നിന്നു പറ്റി. എന്നിട്ടും ഒരൊറ്റ മാസം പോലും സമയത്തിന് ശമ്പളം നൽകാനായിട്ടില്ല. ജനങ്ങൾക്ക് ഇനിയും പൂർണമായും പ്രയോജനപ്പെടാത്ത ജലജീവൻ പദ്ധതിക്കായും 952 കോടി രൂപ മുടക്കിക്കഴിഞ്ഞു. ഇനിയും കോടികൾ ഉണ്ടെങ്കിലേ പദ്ധതിയെ കരയടുപ്പിക്കാനാകൂ. വിപണി ഇടപെടൽ കൂടക്കൂടെ വേണ്ടിവരുന്നത് മറ്റു തരത്തിലുള്ള സപ്ളൈകോ ഇടപെടൽ വേണ്ടപോലെ നടക്കാത്തതുകൊണ്ടാണ്. ഉത്സവനാളുകളിൽ മാത്രം നടക്കുന്ന വിപണി ഇടപെടൽ താത്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളൂ.
സർക്കാർ ജീവനക്കാരും ധർമ്മസങ്കടത്തിലാണ്. തടഞ്ഞുവച്ചിരിക്കുന്ന ഡി.എ കുടിശ്ശിക എന്നു കിട്ടുമെന്ന് അറിഞ്ഞുകൂടാ. പുതിയ ശമ്പള കമ്മിഷനെക്കുറിച്ച് പ്രതീക്ഷപോലുമില്ല. മാർച്ചിൽ 26,000 കോടി രൂപ സർക്കാർ ചെലവഴിച്ചതിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭിച്ചുണ്ടെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. സർക്കാർ ചെലവിൽ ഗണ്യമായ വർദ്ധന ഇക്കഴിഞ്ഞ മൂന്നുവർഷവും വരുത്താൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ പദ്ധതി ചെലവിലും സംസ്ഥാന പദ്ധതി ചെലവിലും 92.37 ശതമാനത്തിന്റെ വർദ്ധന നേടാനായതും നേട്ടമായി കരുതാം. മാലിന്യ നിർമ്മാർജ്ജന പദ്ധതികളിൽ നാടാകെ നേട്ടം കൈവരിച്ചതും എടുത്തുപറയാവുന്ന നേട്ടമാണ്. എങ്കിലും നഗരമദ്ധ്യത്തിൽപ്പോലും ഇപ്പോഴും മാലിന്യക്കൂനകൾ ധാരാളം കാണുന്നുണ്ട്. ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന മാലിന്യ സംഭരണ, സംസ്കരണ പദ്ധതികൾ നടപ്പാക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ കണ്ടുപിടിക്കണമെന്ന ആവശ്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |