മംഗളൂരു: കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ ഉള്‍പ്പടെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പൊതുവേ രാജ്യത്തെ ഒട്ടുമിക്ക റൂട്ടുകളിലും ഹിറ്റാണ്. എന്നാല്‍ ചുരുക്കം ചില സര്‍വീസുകളെങ്കിലും ആളില്ലാത്ത അവസ്ഥയിലാണ് ഓടുന്നത്. അത്തരത്തിലൊന്നാണ് മംഗളൂരു - ഗോവ വന്ദേഭാരത്. മിക്കവാറും സര്‍വീസുകളിലും പകുതിയോളം സീറ്റുകളില്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. ഇതിന് പരാഹാരമായി കോഴിക്കോട് നിന്ന് ഗോവയിലേക്ക് സര്‍വീസ് പുനക്രമീകരിക്കാന്‍ ആലോചിച്ചെങ്കിലും കര്‍ണാടകയുടെ എതിര്‍പ്പ് കാരണം ട്രെയിന്‍ കേരളത്തിലേക്ക് നീട്ടിയില്ല.
എട്ട് റേക്കുകളുള്ള വന്ദേഭാരത് ആണ് നിലവില്‍ ഗോവ - മംഗളൂരു റൂട്ടില്‍ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ കോച്ചുകളുടെ എണ്ണം ഇനിയും കുറയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ സര്‍വീസ് മുംബയിലേക്ക് നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ മുംബയ് - ഗോവ റൂട്ടില്‍ ഒരു വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. അതുപോലെ തന്നെ മംഗളൂരുവില്‍ നിന്ന് ഗോവയിലേക്കും സര്‍വീസുണ്ട്. ഈ രണ്ട് ട്രെയിനുകളുടേയും സര്‍വീസ് ഒരുമിപ്പിച്ച്് മംഗളൂരു - ഗോവ- മുംബയ് സര്‍വീസ് ആയി ഓടിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
യാത്രക്കാര്‍ കുറവായത് കാരണം നഷ്ടത്തിലുള്ള രണ്ട് സര്‍വീസുകളെ ഒരുമിപ്പിച്ച് ലാഭത്തിലാക്കുകയെന്ന പദ്ധതിയാണ് റെയില്‍വേ ആലോചിക്കുന്നത്. എങ്കിലും ചില തടസങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. രാജ്യത്ത് ഏറ്റവും തിരക്കേറിയ റെയില്‍വെ സ്റ്റേഷനുകളിലൊന്നാണ് മുംബയിലേത്. ഇവിടെ യാത്ര അവസാനിപ്പിക്കുന്ന രീതിയില്‍ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ മറ്റു ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വേണ്ടി വന്നേക്കുമെന്നതാണ് പ്രധാന വെല്ലുവിളി.
കര്‍ണാടകയില്‍ നിന്നുള്ള ഒരു ലോക്‌സഭ അംഗം കഴിഞ്ഞ ദിവസം റെയില്‍വെ മന്ത്രിയെ കണ്ട് മംഗലാപുരത്തിന് നിന്ന് ഗോവയിലേക്കുള്ള സര്‍വീസ് മുംബയ് വരെ നീട്ടണം എന്ന് അഭ്യര്‍ഥിച്ചിരുന്നു. അങ്ങനെ പുതിയ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ യാത്രാ സമയം 12 മണിക്കൂര്‍ ആയി ഉയരും. 907 കിലോമീറ്റര്‍ ദൂരമാണ് ഓടേണ്ടത് എന്നതിനാല്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളും ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തേണ്ടി വരികയെന്നതാണ് മറ്റൊരു വെല്ലുവിളി. മംഗളൂരു, മുംബയ് നഗരങ്ങളില്‍ നിരവധി മലയാളികള്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് പുതിയ സര്‍വീസ് ഉപയോഗപ്രദമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |