ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു ഉത്സവത്തിനും മേടമാസ പൂജകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് മേൽശാന്തി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് നാളെ രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റും. കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നെള്ളത്ത് എന്നിവയുണ്ടാകും. എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. 10ന് പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നെള്ളത്ത്. രാത്രി 10ന് പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കും. 11നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷ: പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. 11ന് പമ്പയിൽ ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവൻ എഴുന്നെള്ളും. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ദീപാരാധന. മേടവിഷു ഉത്സവം 10ന് ആരംഭിക്കും. 14നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും. വെർച്വൽ ക്യൂ ബുക്കു ചെയ്തും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം. സ്‌പോട്ട് ബുക്കിംഗിനായി പമ്പയിൽ പ്രത്യേക സംവിധാനമുണ്ട്.
ദർശന സൗകര്യം രണ്ടുവിധം
പതിനെട്ടാം പടികയറിയെത്തുന്നവർക്ക് ഇന്നുമുതൽ രണ്ടുരീതിയിലാണ് ദർശന സൗകര്യം. തിരക്ക് കുറവുള്ളപ്പോൾ കൊടിമരത്തിന്റെ ഇരുവശത്തുകൂടി നേരിട്ടും തിരക്ക് കൂടുതലുള്ളപ്പോൾ ഫ്‌ളൈ ഓവർ വഴിയുമാണ് പുതിയ ദർശന രീതി. കഴിഞ്ഞ മാസപൂജയ്ക്ക് ഭക്തരെ നേരിട്ട് ദർശനത്തിന് കടത്തിവിട്ടപ്പോഴുണ്ടായ പോരായ്മകൾ പരിഹരിച്ചാണ് പുതിയ സംവിധാനം. തിരക്ക് നിയന്ത്രണത്തിന് പൊലീസ് സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ സേനാംഗങ്ങളെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |