ന്യൂഡൽഹി : വഫഖ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ. രാധാകൃഷ്ണൻ എം.പി . വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമമന്ത്രി അവകാശപ്പെട്ടതു പോലെ പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം. തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് രാധാകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ ദേവസ്വം ബോർഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യൻ പേരുമായി സാമ്യം വന്നതിന്റെ പേരിൽ, അവർ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987ൽ ഹിന്ദുക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയത്', രാധാകൃഷ്ണൻ ഓർമിപ്പിച്ചു.ഇക്കാര്യം പറയുന്നതിനിടെ 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ മന്ത്രി രംഗത്തെത്തി. സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതിനെത്തുടർന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. തുടർന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെ സുരേഷ് ഗോപി വിമർശിച്ചു. വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരളനിയമസഭയിൽ പാസ്സാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങിപ്പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |