
ചെന്നൈ: അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ) ചേർന്നു. അരനൂറ്റാണ്ടുകാലത്തെ ബന്ധം അവസാനിപ്പിച്ച് ഗോപിചെട്ടിപ്പാളയം എം.എൽ.എ സ്ഥാനം രാജിവെച്ചതിനു തൊട്ടുപിന്നാലെ ഇന്നലെയാണ് അദ്ദേഹം ടി.വി.കെയിൽ ചേർന്നത്. 1977 മുതൽ അണ്ണാ ഡി.എം.കെ എംഎൽഎയായിരുന്നു.
ഇന്നലെ രാവിലെ ചെന്നൈയിലെ പണയൂരിലുള്ള ടി.വി.കെ പാർട്ടി ആസ്ഥാനത്തെത്തിയാണ് 77കാരനായ സെങ്കോട്ടയ്യൻ വിജയയിൽ നിന്നു അംഗത്വം സ്വീകരിച്ചത്. സെങ്കോട്ടയ്യനെ ഷാൾ അണിയിച്ച് വിജയ് സ്വീകരിച്ചു. ടി.വി.കെ രൂപീകരിച്ചശേഷം ആദ്യമായാണ് മറ്റൊരു പാർട്ടിയിലെ സീനിയർ നേതാവ് ഒപ്പം ചേരുന്നത്.
കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
എം.ജി.ആറിനും ജയലളിതയ്ക്കും ഒപ്പം പ്രവർത്തിച്ച വിശ്വസ്തനായ നേതാവാണ് സെങ്കോട്ടയനെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് ടി.വി.കെയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു സെങ്കോട്ടയനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |