കോട്ടയം : ' വർഷങ്ങളായി നെൽക്കൃഷി ചെയ്യുന്നുണ്ടെങ്കിലും നെല്ല് സംഭരിക്കുന്നതിന് മില്ലുടമകളുടെ കാലും കൈയ്യും പിടിക്കേണ്ടി വന്നത് ആദ്യമായിട്ടാണ്. പാതി നെല്ല് സംഭരിച്ച ശേഷം മില്ലുകാർ ഉപേക്ഷിച്ചുപോയ വാഴപ്പള്ളിയിലെ കർഷകരുടെ ഈ വാക്കുകളിലുണ്ട് അവരുടെ ദയനീയാവസ്ഥ. വേനൽ മഴയിൽ ബാക്കി നെല്ല് കിളിർക്കും മുമ്പ് സംഭരിക്കാൻ മില്ലുകാരെ കാത്തുനിൽക്കുകയാണിവർ. ഇതേ അനുഭവം ജില്ലയിലെ പല കർഷകർക്കുമുണ്ട്. തിരുവാർപ്പ് ഇറമ്പം ഭാഗത്തെ നെല്ലും പാതി എടുത്ത ശേഷം മില്ലുകാർ മടങ്ങി. ഒരു പാടത്തെ നെല്ല് മുഴുവൻ സംഭരിച്ച ശേഷമേ അടുത്ത പാടത്തേക്ക് പോകാവൂ എന്നാണ് ധാരണയാണ് തെറ്റിക്കുന്നത്. അധികൃതരാകട്ടെ കാഴ്ചക്കാരുടെ റോളിലും. 80 ശതമാനം നെല്ല് എടുത്ത ശേഷം മടങ്ങിയ മില്ലുകൾ ബാക്കി നെല്ല് അടിയന്തരമായി സംഭരിക്കണമെന്ന് കളക്ടർ വിളിച്ച യോഗത്തിൽ ധാരണയായതാണ്. കൊയ്‌ത്ത് നടക്കുന്ന തീയതി പാടശേഖര സമിതി അറിയിക്കുന്നതിന്റെ പിറ്റേന്ന് മില്ലുകളെ നിശ്ചയിച്ച് സംഭരണം വേഗത്തിലാക്കണമെന്ന നിർദ്ദേശവും നടപ്പായില്ല. വാഴപ്പള്ളയിലെ കർഷകർ പാഡി ഓഫീസറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം അകലെയാണ്.
തോന്നുംപടി കിഴിവ്, ആരോട് പറയാൻ
വേനൽക്കാലത്ത് രണ്ടുകിലോയിൽ തുടങ്ങിയ കിഴിവ് മഴ ശക്തമായതോടെ 20 കിലോയിൽ വരെയായി. സംഭരിച്ച നെല്ല് മഴയിൽ കുതിർന്നാൽ കിഴിവ് കൂടുതൽ അംഗീകരിക്കാൻ കർഷകർ നിർബന്ധിതരാകും. മില്ലുകൾ കിഴിവ് കൂട്ടി കോടികൾ ലാഭം കൊയ്തതിന്റെ കണക്കില്ല. കളക്ടർ വിളിച്ച യോഗത്തിൽ കർഷകപ്രതിനിധികൾ ചോദിച്ചപ്പോൾ മില്ലുടമകൾ നിശബ്ദത പാലിക്കുകയായിരുന്നു. പാഡി ഓഫീസർമാർക്കും വ്യക്തതയില്ല.
''മില്ലുകൾ ഇത്രയും നാൾ കർഷകരെ തേടി പാടത്ത് എത്തുകയായിരുന്നു. നെല്ല് എങ്ങനെയും എടുക്കണമെന്ന് അപേക്ഷിച്ച് കർഷകർ മില്ലുകളുടെ പിറകേ നടക്കുന്നത് ആദ്യമായിട്ടാണ്. മില്ലുകളെ നിലയ്‌ക്ക് നിറുത്താൻ കഴിയാത്ത സർക്കാരാണ് ഇതിന് ഉത്തരവാദി.
വി.ജെ.ലാലി (നെൽകർഷക സമിതി രക്ഷാധികാരി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |