നെടുമങ്ങാട്: രാസലഹരിമരുന്ന് കടത്തു കേസിലെ പ്രതിയെ 4.20 ഗ്രാം എം.ഡി.എം.എയുമായി നെടുമങ്ങാട് ഡാൻസാഫ് ടീം പിടികൂടി. മഞ്ച പത്താംകല്ല് പയ്യമ്പള്ളി എലിക്കോട്ട് റമീസ് മൻസിലിൽ ബി.സുനീർഖാൻ (34) ആണ് അറസ്റ്റിലായത്. നെടുമങ്ങാട്ട് യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും എം.ഡി.എം.എ കച്ചവടം നടത്തുന്നവരിൽ ഇയാൾ പ്രധാനിയാണ്. കാറിൽ വില്പനയ്ക്കായി വരുന്ന വഴി പഴകുറ്റിയിൽ വെച്ചാണ് പിടികൂടിയത്. മുൻപ് തിരുവനന്തപുരം സിറ്റിയിൽ വെച്ച് എം.ഡി.എം.എയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റു രണ്ടുപേർ കൂടി ഇയാളുടെ സംഘത്തിലുണ്ട്. ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങി ഉപയോഗിക്കുന്നവരെ പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വേങ്കവിളയിലെ യൂസ്ഡ് കാർ ഷോറൂമിൽ ജീവനക്കാരനായി നിന്നാണ് സുനീർ ഖാൻ ആവശ്യക്കാരെ കണ്ടെത്തുന്നത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ.കെ.എസിന്റെ നിർദ്ദേശാനുസരണം നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.പ്രദീപ്, നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാർ,ഡാൻസാഫ് സബ് ഇൻസ്പെക്ടർ ഓസ്റ്റിൻ, ഷിബു.എസ്, സജു.വി, സതികുമാർ, അനൂപ്, ഉമേഷ് ബാബു, അഖിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |