മധുര: സ്വകാര്യ സർവകലാശാലകൾക്ക് അംഗീകാരം നൽകാനുള്ള കേരള സർക്കാർ നിലപാടിന് സി.പി.എം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. 11 മണിക്കൂറോളം ദീർഘിച്ച ചർച്ചയ്ക്ക് ഇന്നലെ വൈകിട്ട് പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു.
വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയുകയാണ് സ്വകാര്യ സർവകലാശാലയുടെ ലക്ഷ്യമെന്ന് കാരാട്ട് പറഞ്ഞു. അതേസമയം മെരിറ്റും സംവരണ തത്വവും പാലിക്കും. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനും സ്വാതന്ത്ര്യമുണ്ടാവും.
കേന്ദ്രസർക്കാർ നവഫാസിസ്റ്റ് എന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ നിലപാടും അംഗീകരിക്കപ്പെട്ടു. കോൺഗ്രസുമായുള്ള സഹകരണം വിശാല സഖ്യത്തിന്റെ ഭാഗമാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റാനുള്ള തിരഞ്ഞെടുപ്പ് സഖ്യം മാത്രമാണതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ അംഗം ബി.വി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേൽ ഇന്ന് പൊതു ചർച്ച നടക്കും. രാത്രി ചേരുന്ന പി.ബി യോഗത്തിൽ പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ സംബന്ധിച്ച ധാരണയുണ്ടാവും. നിലവിലെ സാഹചര്യത്തിൽ എം.എ ബേബിക്കാണ് മുൻതൂക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |