കൊച്ചി: എപ്പോൾ വേണമെങ്കിലും കേടായേക്കാവുന്ന സൈക്കിളിലാണ് സെയ്ദ് മുഹമ്മദ് മസിന്റെ കുതിപ്പ്.
ഹരിയാന മലനിരകളിലെ ട്രാക്കിലൂടെ പാഞ്ഞ് നാഷണൽ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ മസിൻ കേരളാ ടീമിന് വെങ്കലമുറപ്പിച്ചതും തകരാറുള്ള ആ സൈക്കിളിൽ പാഞ്ഞായിരുന്നു. നല്ലൊരു സൈക്കിളിന് ലക്ഷങ്ങൾ വിലയാകുമെന്നും കുടുംബത്തിന് ഇത് താങ്ങാനാവില്ലെന്നുമുള്ള തിരിച്ചറിവാണ് സഹാതാരങ്ങളെപ്പോലും അറിയിക്കാതെ കേടായ സൈക്കിളുമായി പോരാടാൻ മസിനെ നിർബന്ധിതനാക്കിയത്.
പോരാട്ടം സബ്‌ജൂനിയറിലെ സൈക്കിളുമായി
മൂന്ന് വർഷം മുമ്പ് വാങ്ങിയ അലുമിനിയം സൈക്കിളാണ് മസിന്റെ ചങ്ക്. തൊടുപുഴയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനിടെ അപകടത്തിൽപ്പെട്ട് സീറ്റും മറ്റും തകരാറിലായി. നല്ലൊരു തുകമുടക്കി അറ്റകുറ്റപ്പണി നടത്തിയതിന് പിന്നാലെയുണ്ടായ തകരാർ മസിനെ സങ്കടത്തിലാഴ്‌ത്തി. താത്കാലിക പരിഹാരം കണ്ടാണ് സൈക്കിളുമായി ഹരിയാനയിലേക്ക് വണ്ടികയറിയത്. സബ് ജൂനിയർ വിഭാഗത്തിൽ ഉപയോഗിക്കേണ്ട സൈക്കിളിലാണ് 18വയസുകാരൻ ജൂനിയർ കാറ്റഗറിയിൽ ഇറങ്ങിയത്. കുത്തനെയുള്ള ഇറക്കത്തിൽ ലഭിക്കേണ്ട ടെക്ക്‌നിക്കൽ പോയിന്റുകൾ സൈക്കിൾ മോശമായതിനാൽ നഷ്ടപ്പെട്ടെന്ന് മസിൻ സങ്കടത്തോടെ പറയുന്നു. നല്ലൊരു സൈക്കിളും സ്പോൺസറുമുണ്ടെങ്കിൽ രാജ്യത്തിനായി സ്വർണംകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മസിൻ പരിശീലനം തുടരുന്നത്.
അവിചാരിതം
വയനാട് കൽപ്പറ്റ സ്വദേശിയായ മസിൻ സൈക്ലിംഗിലേക്ക് അവിചാരിതമായാണ് എത്തിയത്. നാട്ടിലെ സൈക്ലിംഗ് ക്ലബ് അംഗങ്ങൾക്കൊപ്പം കൂടിയ പത്താം ക്ലാസുകാരൻ മത്സരങ്ങളിലേക്കും തിരിയുകയായിരുന്നു. നാട്ടിലെ മത്സരത്തിൽ വിജയിച്ചത് പത്രവാർത്തയായതോടെ മകന്റെ സൈക്കിൾ കമ്പം വീട്ടുകാർ അറിഞ്ഞു. അവർ സ്‌പോർട്‌സ് കൗൺസിൽ സ്‌കൂളിലേക്ക് മസിനെ എത്തിച്ചു. ശാസ്ത്രീയ പരിശീലനം ലഭിച്ചതോടെ തന്റെ നാലാം ദേശീയ ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയിൽ മെഡൽ സ്വന്തമാക്കാൻ മസിന് കഴിഞ്ഞു. നിലവിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് അക്കാഡമിയിലാണ് താരം.അനൂപാണ് പരിശീലകൻ.
മൈതാനവേലിൽ കുഞ്ഞു സൈദിക്കോയ തങ്ങൾ, റസിയ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: നസിം.
വേണം 8 ലക്ഷം
മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളിൽ കാർബൺ നിർമ്മിത സൈക്കിളുകളാണ് മത്സരാർത്ഥികൾ ഉപയോഗിക്കുന്നത്. കരുത്തേറിയതും ഭാരം കുറഞ്ഞതുമായ ഇത്തരം സൈക്കിളുകൾക്ക് എട്ട് ലക്ഷം രൂപ മുതലാണ് വില.
നല്ലൊരു സൈക്കിൾ ഉണ്ടായിരുന്നെങ്കിൽ കേരളത്തിന് സ്വർണമെഡൽ ഉറപ്പായിരുന്നു. ലോകചാമ്പ്യനാകണമെന്നാണ് ആഗ്രഹം.
മസിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |