ആലപ്പുഴ : ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്പാകൾ, ഹോം സ്റ്റേകൾ, ലോഡ്ജുജൾ എന്നിവിടങ്ങളിൽ ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. എം. മഹേഷിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അനാശാസ്യത്തിന് ഒത്താശ ചെയ്തിരുന്ന വളവനാട് വാറൻ കവലയിലെ ടൂറിസ്റ്റ് ഹോമിൽ നിന്ന് 2 ഗ്രാം കഞ്ചാവ് പിടികൂടി. ഉടമ സുബാഷിനെ അറസ്റ്റ് ചെയ്തു. പുന്നമടയിലെ സ്ട്രോ ബെറി എന്ന സ്ഥാപനത്തിൽ നിന്ന് 4 ഗ്രാം കഞ്ചാവ് പിടികൂടി. ഉടമ മറയൂർ സ്വദേശി ഡെവിൻ ജോസഫിനെ പിടികൂടി. വരും ദിവസങ്ങളിലും രിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു. ലഹരി വസ്തുക്കളുമായി മുറിയെടുക്കാൻ എത്തുന്നവർക്ക് റൂം കൊടുക്കാതിരിക്കാൻ ഉടമസ്ഥർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിലായവരുടെ ഫോൺ കോൾ വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും ശേഖരിച്ചു വരികയാണ്. അസി.എക്സൈസ് കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോഡ്ജുകളിലും ഹോം സ്റ്റേകളിലും നടത്തിയ പരിശോധനയ്ക്ക് സി. ഐ മഹേഷ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അജീബ്, ബിനു, പ്രിവന്റിവ് ഓഫീസർമാരായ ഓംകാർനാഥ്, അഭിലാഷ്, സി.ഇ.ഒമാരായ സനൽ സിബിരാജ് , ജിയേഷ് , ധനലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
മദ്യം മയക്ക് മരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങൾ സ്ക്വാഡ് സി.ഐ യുടെ 9400069494 എന്ന നമ്പരിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |