തിരുവനന്തപുരം: ഗുണ്ടാനേതാവിൽ നിന്ന് പിടികൂടിയ ഹാഷിഷ് ഓയിൽ മുക്കിയ എസ്.ഐക്കെതിരെ നടപടി. തിരുവല്ലം എസ്.ഐയെ സ്ഥലംമാറ്റാനും വകുപ്പുതല അന്വേഷണം നടത്താനും തീരുമാനം. തൊണ്ടിമുതൽ മഹസറിൽ ചേർക്കാത്തതിൽ എസ്.ഐക്ക് വീഴ്ചയെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെയാണ് നടപടി.
തലസ്ഥാനത്തെ ഗുണ്ടാനേതാവായ പൊക്കം ഷാജഹാനും സംഘവും താമസിച്ച വീട്ടിൽ നിന്ന് ലഹരി പിടിച്ച കേസിലായിരുന്നു തിരുവല്ലം പൊലീസിന്റെ അട്ടിമറി നീക്കം. കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലും എയർഗണും പിടിച്ചെങ്കിലും ഹാഷിഷ് ഓയിൽ രേഖകളിൽ ഉൾപ്പെടുത്താതെ മുക്കുകയാണ് എസ്.ഐ ചെയ്തത്. ലഹരി കടത്താനുപയോഗിച്ച രണ്ട് കാറുകൾ ഡാൻസാഫ് സംഘം കൈമാറിയിട്ടും ആദ്യം ഒരെണ്ണം മാത്രമേ മഹസറിൽ ഉൾപ്പെടുത്തിയുള്ളു. തിരുവനന്തപുരം ഡി.സി.പി നഗുൽ ദേശ്മുഖ് നടത്തിയ അന്വേഷണത്തിൽ വീഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെ മനപ്പൂർവം സഹായിക്കാനുള്ള ശ്രമമല്ലെന്നാണ് ഡി.സി.പിയുടെ റിപ്പോർട്ട്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടി ഒഴിവാക്കി സ്ഥലംമാറ്റം മാത്രമാക്കിയത്. തുടർ അന്വേഷണത്തിനായി ഫോർട്ട് എ.സി.പി പ്രസാദിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |