ആറ്റിങ്ങൽ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേർ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി.ചിറയിൻകീഴ് പെരുങ്കുഴി ഇടഞ്ഞിമൂല പുന്നവിള വീട്ടിൽ സുമേഷ് ( 29), കഠിനംകുളം ചന്നാങ്കര വെട്ടുത്തുറ ജിതീഷ് കോട്ടേജിൽ ജിഫിൻ ( 29), പാലക്കാട് കടമ്പഴിപുരത്തിൽ പുലാപ്പറ്റ അമ്പലത്ത് വീട്ടിൽ അഞ്ചുബേബി ( 32) എന്നിവരാണ് 52 ഗ്രാം എം ഡി എം എ യുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ലഹരിസാധനങ്ങളുമായി ആറ്റിങ്ങലിൽ ബസ് ഇറങ്ങുമ്പോഴാണിവർ പിടിയിലായത്. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിയാണിത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരിയാണ് പിടിയിലായ യുവതി. സ്പാ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി വ്യാപനത്തിലെ മുഖ്യകണ്ണിയാണിവർ. ചിറയിൻകീഴ് സ്വദേശി സുമേഷാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി. ബംഗളൂരുവിൽനിന്നു രാസലഹരിയുമായി വരുന്ന വഴിയിൽ ഇയാൾ നേരത്തെയും പിടിയിലായിട്ടുണ്ട്. കഴക്കൂട്ടത്തെ ചില ലോഡ്ജുകളിൽ സ്റ്റാഫായി നിന്ന് ലഹരിക്കച്ചവടം ചെയ്തുവന്നിരുന്ന ആളാണ് മൂന്നാമൻ ജിഫിൻ. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ. പ്രദീപ് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ, ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ഗോപകുമാർ ജി, സബ്ബ് ഇൻസ്‌പെക്ടർ ജിഷ്ണു, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ ഫയാസ് എഫ്, ദിലീപ്. ബി, ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |