ചേർത്തല: മതേതരവാദിയായ തന്നെ വർഗീയവാദിയും മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കാനാണ് ലീഗിലെ ചിലരുടെ ശ്രമമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് മുസ്ലിം വിരുദ്ധനാണെന്ന് സമർത്ഥിക്കാനാണ് ചിലരുടെ ശ്രമം. മലപ്പുറത്ത് 56 % മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്.എന്നാൽ 44 ശമാനമുള്ള മറ്റു വിഭാഗങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.ഇതര സമുദായങ്ങളിൽപ്പെട്ടവരെ ജനപ്രതിനിധിയാക്കാൻ പോലും തയ്യാറായിട്ടില്ല. മതേതരവാദികളെന്ന് അവകാശപ്പെടുന്നവർ സ്വന്തം കാര്യം വരുമ്പോൾ മതത്തിന്റെ പേരിൽ ഒന്നാകുകയാണ്. തനിക്കുനേരെ ഇത് മൂന്നാമത്തെ അധിക്ഷേപ ആക്രമണമാണ്. ലീഗിനാെപ്പം നിൽക്കാത്തതാണ് ഇതിനു കാരണം. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക നീതി മലപ്പുറത്തില്ല. മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് 17 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടെ ഈഴവർക്ക് ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല.ഇവർ അടിമകളായാണ് കഴിയുന്നത്.സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിട്ടിട്ടും ഉടമകളാകാൻ കഴിഞ്ഞിട്ടില്ല.ലീഗ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ മറ്റ് സമുദായങ്ങൾ ഛിന്നഭിന്നമാകുകയാണ്.തന്നെ മുസ്ലിം വിരുദ്ധനാക്കി ആണിയടിക്കുകയും കോലം കത്തിക്കുകയുമാണ്. ലീഗുമായി ചേർന്ന് സംവരണ സമുദായ മുന്നണി രൂപീകരിച്ച് ഏറെക്കാലം ഒന്നിച്ചു പ്രവർത്തിച്ചു. ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും അധികാരത്തിലെത്തിയപ്പോൾ അവർ വഞ്ചിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ ഒരു അൺഎയ്ഡഡ് കോളേജ് പോലും മലപ്പുറത്ത് അനുവദിച്ചില്ല.മുസ്ലിം വിഭാഗത്തിൽ ഒരുപാട് നല്ലവരുണ്ട്.എന്നാൽ, ലീഗിൽ നിന്ന് ലഭിച്ച അനുഭവം നല്ലതല്ല. ഭരണത്തിലേറിയ ശേഷം ലീഗ് അവഹേളിച്ചു. സാമൂഹ്യനീതി മലപ്പുറത്തില്ലെന്നു പറഞ്ഞത് സത്യമാണ്.ഒരു ശ്മശാനം പോലും അവിടെയില്ല. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കും.പിന്നോട്ടില്ല. ഇത് മതവിദ്വേഷമല്ല.നിതീക്ക് വേണ്ടിയുള്ള അപേക്ഷയാണ്. അധികാരം നഷ്ടപ്പെട്ട ലീഗ് അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സമുദായത്തെ ആക്രമിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. എല്ലാവർക്കും തുല്യ നീതി നടപ്പാക്കണം.തനിക്ക് മതവിദ്വേഷമില്ല, ഒരു മതത്തിനും എതിരല്ല, മതസൗഹാർദ്ദമാണ് വേണ്ടത്.
ബാബറി മസ്ജിദ് തകർത്തപ്പോൾ ആദ്യം പ്രതികരിച്ചത് എസ്.എൻ.ഡി.പി യോഗമാണ്. ശബരിമലയിലെ നിലയ്ക്കലിൽ വാവർക്ക് പള്ളി പണിയാൻ മുൻകൈകെടുത്തതും യോഗമാണ്.കോൺഗ്രസ് ലീഗിന്റെ തടവറയിലാണ്.ലീഗിന് അനഭിമതരായവർക്ക് കോൺഗസ് നേതൃത്വത്തിലേക്ക് കടന്നുവരാൻ കഴിയാത്ത സ്ഥിതിയായി.ഗോകുലത്തിലെ ഇ.ഡി.റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തന്നെയും സമുദായത്തെയും ബലിയാടാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |