കൊച്ചി: മലയോര മേഖലകളിലും ഇലക്ട്രിക് വാഹന വിൽപ്പനയിൽ പുതു തരംഗങ്ങൾ ദൃശ്യമാകുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നൂതനമായ സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയ്ക്കും പുറമെ മലയോര പട്ടണങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ വ്യാപകമായതും വളർച്ചയ്ക്ക് സഹായകമായി.
റീജെനറേറ്റീവ് ബ്രേക്കിംഗാണ് വൈദ്യുത വാഹനങ്ങളുടെ പ്രധാന ആകർഷണമെന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു. ബ്രേക്കിംഗ് സമയത്ത് കൈനറ്റിക് എനർജി ശേഖരിക്കുകയും ബാറ്ററി റീചാർജ് ചെയ്യുന്നതിനായി വീണ്ടും വൈദ്യുതോർജ്ജമാക്കി മാറ്റുകയും ചെയ്യുന്ന റീജെനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമാണ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ളത്. ഇടയ്ക്കിടെ ബ്രേക്കിംഗ് ആവശ്യമായ മലയോര മേഖലകളിൽ ഈ സംവിധാനം ഉപയോഗപ്രദമാണ്. വാഹനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനും ഊർജം വീണ്ടെടുക്കാനും സാധിക്കും.
ഇലക്ട്രിക് വാഹനങ്ങൾ കുത്തനെയുള്ള മലകൾ കയറുമ്പോൾ പരമ്പരാഗത ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ (ഐ.സി.ഇ) വാഹനങ്ങളെക്കാൾ ഇ.വികൾക്ക് വേഗത്തിൽ ആക്‌സിലറേറ്റ് ചെയ്യാൻ കഴിയും. മുകളിലേക്കുള്ള ഡ്രൈവിംഗ് ഇത് അനായാസമാക്കും.
ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററിയുടെ സ്ഥാനം താഴെയാണ്. ഇത് ഗ്രാവിറ്റി സെന്റർ താഴ്‌ത്തി കാറിന് മികച്ച സ്ഥിരത നൽകുന്നു. സ്റ്റിയറിംഗ് എത്ര വളച്ചൊടിച്ചാലും വാഹനം നിയന്ത്രണത്തിൽ തുടരാനും സുരക്ഷിതവുമായ യാത്ര ആസ്വദിക്കാനും സഹായിക്കും.
കരുത്ത് കൂടുന്നു
ഇലക്ട്രിക് വാഹനങ്ങൾ ബാറ്ററിയിൽ നിന്നുള്ള ഉയർന്ന ശതമാനം ഊർജത്തെ മുന്നോട്ടുള്ള നീക്കത്തിലേക്ക് മാറ്റുന്നു. ആക്‌സിലറേഷനും ബ്രേക്കിംഗും കാരണം ഊർജ ഉപഭോഗം വർദ്ധിക്കുന്ന മലയോര മേഖലകളിൽ ഇത് കൂടുതൽ ഉപയോഗപ്രദമാണ്.
സൗകര്യപ്രദമായ ചാർജിംഗാണ് മറ്റൊരു സവിശേഷത. വീടുകളിൽ വാഹനം ചാർജ് ചെയ്യാനാകും. രാത്രി മുഴുവൻ പ്ലഗ് ചെയ്ത് രാവിലെ മുതൽ ഉപയോഗിക്കാനാകും.
കുത്തനെയുള്ള കയറ്റങ്ങളിൽ ഇ വാഹനങ്ങൾ തളരുമെന്ന ആശങ്ക മാറിയതോടെ മലയോര മേഖലകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറിയെന്ന് വാഹന ഡീലർമാരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |