കൊച്ചിൻ കപ്പൽശാലയ്‌ക്ക് പുതിയ നേട്ടം
കൊച്ചി: ഹരിത ഇന്ധനം ഉപയോഗിച്ച് രാജ്യത്ത് നിർമ്മിക്കുന്ന 16 ഗ്രീൻ ടഗ്ഗുകളിൽ ആദ്യത്തെ രണ്ടെണ്ണത്തിന്റെ നിർമ്മാണത്തിന് കൊച്ചി കപ്പൽശാലയിൽ തുടക്കമായി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഉദ്‌ഘാടനം നിർവഹിച്ചു. കപ്പൽ നിർമ്മാണശേഷി വർദ്ധിപ്പിക്കുന്ന പ്രോആർക്ക് സി.എൻ.സി പ്ലാസ്മ കം ഓക്‌സി ഫ്യുവൽ പ്ലേറ്റ് കട്ടിംഗ് മെഷീനും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പൽഷൻ ടഗ്ഗുകളുടെ നിർമ്മാണം ഏറ്റെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് കൊച്ചി കപ്പൽശാല. റോബർട്ട് അലൻ ലിമിറ്റഡ്, ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് വലിയ പിന്തുണയാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
സമുദ്രമേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഉഷസ് പദ്ധതിയിൽ തിരഞ്ഞെടുത്ത മൂന്നു കമ്പനികൾക്ക് മന്ത്രി ചെക്ക് കൈമാറി.
കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്. നായർ, മാരിടൈം സർവകലാശാല വൈസ് ചാൻസലർ മാലിനി ശങ്കർ, കൊച്ചി തുറമുഖ അതോറിറ്റി ചെയർപേഴ്സൺ കാശി വിശ്വനാഥൻ, വിഴിഞ്ഞം സീപോർട്ട് മാനേജിംഗ് ഡയറക്‌ടർ ദിവ്യ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |