ന്യൂഡൽഹി : ഈ വർഷം സംഘടനാതലത്തിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ ആരംഭിച്ച 84-ാം എ.ഐ.സി.സി സമ്മേളനത്തോടനുബന്ധിച്ചുള്ള വിശാല പ്രവർത്തക സമിതി യോഗത്തിനുശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ പുനരുജ്ജീവനം ഡി.സി.സി തലത്തിൽ നിന്നു തുടങ്ങും. ഡി.സി.സി അദ്ധ്യക്ഷന്മാർക്ക് കൂടുതൽ അധികാരം നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കാനും ആലോചനയുണ്ട്. സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തുന്നതും ആലോചിക്കുന്നു.
ഡി.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് എല്ലാ ജില്ലകളിലും അഞ്ചംഗ സമിതി രൂപീകരിച്ചേക്കും. ഇന്ന് സബർമതി നദിക്കരയിലെ വേദിയിൽ നടക്കുന്ന എ.ഐ.സി.സി സമ്മേളനം മാർഗരേഖ തയ്യാറാക്കാൻ സാധ്യതയുണ്ട്.
വിദേശനയം, ചൈന അതിർത്തി പ്രശ്നം, അമേരിക്കൻ വ്യാപാരച്ചുങ്കം, വഖഫ് ഭേദഗതി നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് ഇന്ന് പ്രമേയം പാസാക്കും. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നാക്കം പോയെന്ന പ്രത്യേക പ്രമേയവും പരിഗണനയിലുണ്ട്.
ഇന്നലെ സർദാർ പട്ടേൽ ദേശീയ സ്‌മാരക വളപ്പിലൊരുക്കിയ പ്രത്യേക വേദിയിലായിരുന്നു വിശാല പ്രവർത്തക സമിതി യോഗം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, എം.കെ. രാഘവൻ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ,കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |