മലപ്പുറം: കോഡൂർ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിൽ സിറാജുദ്ദീന്റെ (39) അറസ്റ്റ് മലപ്പുറം പൊലീസ് രേഖപ്പെടുത്തി. മന:പൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണിത്. വീട്ടിലെ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവംമൂലമാണ് പെരുമ്പാവൂർ സ്വദേശി അസ്മ (35) മരിച്ചത്.
പ്രസവത്തിന് സഹായിച്ച മലപ്പുറത്തെ വയറ്റാട്ടി ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. തെളിവ് നശിപ്പിക്കുന്നതിനായി മറുപിള്ളയും മറ്റും നശിപ്പിച്ചിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. വീട്ടിലെ പ്രസവത്തിന് പിന്നിൽ ഏതെങ്കിലും രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. കുറ്റസമ്മത മൊഴിയിൽ പ്രതി ഇത്തരമൊരു സൂചന നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു.
പ്രതിയുടെ യൂട്യൂബ് ചാനൽ വഴി വീട്ടിലെ പ്രസവം ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് പ്രചാരണം നടത്തിയതും അന്വേഷിക്കും. അസ്മയുടെ ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിലുമാണ് നടന്നത്. അമിതമായ ആത്മീയ താത്പര്യങ്ങളുള്ള ആളാണ് പ്രതി. ഈ കാഴ്ചപ്പാടിലാണ് പ്രസവങ്ങൾ വീട്ടിലാക്കിയത്. ഭർത്താവിന്റെ പ്രേരണയിലാണ് അസ്മ വീട്ടിൽ പ്രസവിച്ചതെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
പ്രതിക്ക് ഏഴാം
ക്ലാസ് വിദ്യാഭ്യാസം
പ്രതി സിറാജുദ്ദീന് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ആത്മീയ കാര്യങ്ങൾ ആകർഷകമായി സംസാരിക്കുന്നതിനാൽ ഇയാൾക്ക് നിരവധി അനുയായികളുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ വീട്ടിലെ പ്രസവം, മതപ്രഭാഷണം, ആത്മീയ അന്ധവിശ്വാസം, അശാസ്ത്രീയ ചികിത്സ എന്നിവ പ്രചരിപ്പിച്ചിരുന്നു. ഇയാളുടെ പ്രധാന വരുമാനമാർഗം യൂട്യൂബാണ്.
ക്രിമിനൽക്കുറ്റം
വീട്ടിലെ പ്രസവം നിയമപരമായി കുറ്റകരമല്ലെങ്കിലും അതുമൂലം അമ്മയ്‌ക്കോ കുട്ടിക്കോ അപകടമുണ്ടായാൽ അത് ക്രിമിനൽകുറ്റമായി കണക്കാക്കും. ആധുനിക ചികിത്സാ സൗകര്യങ്ങൾ നാട്ടിൽ ലഭ്യമാണെന്നിരിക്കെ അത് ഉപയോഗിക്കാതെ അറിഞ്ഞുകൊണ്ട് ചികിത്സ നിഷേധിച്ചു എന്നതാകും കുറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |