കൊച്ചി: യുവതിയുടെ വീടിന് മുൻ കാമുകൻ അർദ്ധരാത്രി തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയും പുതിയ കാമുകനും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ മുൻ കാമുകനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. പെരുമ്പാവൂർ പൂപ്പാനിയിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ കൊല്ലം വടക്കേവിള സ്വദേശി അനീഷിനെ (38) അറസ്റ്റ് ചെയ്തു.
ബിസിനസുകാരനായ അനീഷ് മേക്കപ്പ് ആർട്ടിസ്റ്റായ യുവതിക്കൊപ്പം കഴിഞ്ഞ വർഷം ആഗസ്റ്റ് വരെ ലീവിംഗ് ടുഗതറായി കഴിയുകയായിരുന്നു. പ്രണയബന്ധം തകർന്നതോടെ അകന്ന യുവതി മറ്റൊരു യുവാവിനൊപ്പം ഏതാനും മാസമായി പൂപ്പാനിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. വീണ്ടും ഒന്നിച്ചു ജീവിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയ അനീഷ് വാതിലിൽ തട്ടിവിളിച്ചെങ്കിലും പുറത്തിറങ്ങാൻ യുവതിയോ പുതിയ കാമുകനോ തയ്യാറായില്ല. ദേഷ്യത്തിന് കാർ പോർച്ചിൽ വച്ചിരുന്ന പുതിയ കാമുകന്റെ ബൈക്കിന് ഇയാൾ തീയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ വീട്ടിലേക്കും പടർന്നു. യുവതിയുടെയും കുഞ്ഞിന്റെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് തീകെടുത്തി രക്ഷപ്പെടുത്തിയത്. ബൈക്ക് പൂർണമായി നശിച്ചു. വീടിന് ഭാഗികമായി കേടുപാടുണ്ടായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |