ന്യൂയോർക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേൽ ഒബാമയുടെയും വിവാഹമോചന അഭ്യൂഹങ്ങൾ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അടുത്തിടെ നടന്ന പൊതുപരിപാടികളിൽ ഒബാമയ്‌ക്കൊപ്പം മിഷേൽ പങ്കെടുക്കാത്തതും അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്‌കാര ചടങ്ങിൽ എത്താത്തതും വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകൾ ഉയരാൻ കാരണമായി. ഇപ്പോഴിതാ മിഷേൽ ഒബാമ വേർപിരിയലുമായി ബന്ധപ്പെട്ട് മനസ് തുറന്നിരിക്കുകയാണ്. വർക്ക് ഇൻ പ്രോഗ്രസ് പോഡ്കാസ്റ്റിൽ നടി സോഫിയ ബുഷുമായുളള സംഭാഷണത്തിനിടയിലാണ് അവർ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
തന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും ബോധപൂർവമായി തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം എടുത്തതെന്നാണ് മിഷേൽ പറഞ്ഞത്. ബറാക് ഒബാമയുമായുളള വിവാഹ മോചന വാർത്തകൾ അവർ പൂർണമായും നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷം മുൻപ് വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങിയതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും മിഷേൽ സംസാരിച്ചു. തന്റെ പെൺമക്കൾ ഇപ്പോൾ മുതിർന്നെന്നും അതുകൊണ്ട് പ്രധാനപ്പെട്ടതെന്ന് തോന്നുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനുമുളള സ്വാതന്ത്ര്യം കണ്ടെത്തിയെന്നും അവർ പറയുന്നു.
'വർഷങ്ങൾക്ക് മുൻപുതന്നെ എനിക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കാമായിരുന്നു. പക്ഷെ ഞാൻ അതിന് സ്വാതന്ത്ര്യം നൽകിയിരുന്നില്ല. എന്റെ മക്കളെ അവരുടെ രീതിക്കനുസരിച്ച് ജീവിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ചിലപ്പോൾ അതിന് സാധിക്കുമായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ കാരണം മക്കളുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണെന്ന് വരുത്തി തീർക്കുകയായിരുന്നു. ഈ വർഷം ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ ഞാൻ നോക്കി. അത് എന്നെ സംബന്ധിച്ച് വലിയൊരു ഉദാഹരണമാണ്. ഏറ്റവും നല്ലതുതന്നെ ചെയ്യാൻ ഞാൻ തീരുമാനിച്ചു'-മിഷേൽ പറഞ്ഞു.
സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമ്പോൾ സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മിഷേൽ ഒബാമ വിശദീകരിച്ചു. 'നിരാശരായ ആളുകളെ പോലെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഞാനും ഭർത്താവും വിവാഹമോചനം നേടാൻ പോകുകയാണെന്ന് പലർക്കും അനുമാനിക്കേണ്ടി വന്നു. ഹൃദയത്തോട് ചേർന്നുളള കാര്യങ്ങളിൽ സജീവമായതുകൊണ്ടാണ് പൊതുപരിപാടികളിൽ പങ്കെടുക്കാതിരുന്നത്. ഇപ്പോഴും പ്രസംഗങ്ങൾ നടത്തുന്നുണ്ട്, വിവിധ പദ്ധതികളിൽ പ്രവർത്തിക്കുന്നു, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുളള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്'- അവർ വ്യക്തമാക്കി.
ബറാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ദാമ്പത്യത്തിൽ താൻ നേരിട്ട വിഷമതകളെക്കുറിച്ച് മുൻപ് തന്നെ മിഷേൽ തുറന്നുപറഞ്ഞിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഉണ്ടായ ഏകാന്തതയും വ്യക്തിപരമായ പ്രശ്നങ്ങളെയും കുറിച്ച് അവർ 'ബിക്കമിംഗ് 'എന്ന ഓർമക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ അമേരിക്കൻ ജനതയുടെ പൊതുജീവിതത്തിലും വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയത്തിലും മിഷേൽ സജീവമായി ഇടപെട്ടിരുന്നു. 2024ൽ കമല ഹാരിസിനെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലും അവർ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |