ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള പാക് വംശജനായ പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ പാലം വ്യോമസേന വിമാനത്താവളത്തിലെത്തിച്ചത്. റാണയെ ഉടൻ എൻ ഐ എ ആസ്ഥാനത്തെത്തിക്കും.
കോടതിയിൽ നേരിട്ടെത്തിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാകും കോടതിയിൽ ഹാജരാക്കുക. റാണയെ കൊണ്ടുവരുന്നതോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എൻ ഐ എ ഡയറക്ടർ ജനറൽ അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്യുക. റാണയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയൻ പൗരനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
2008 നവംബർ 26-ന് 166 പേരുടെ മരണത്തിൽ കലാശിച്ച മുംബയ് ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂർ റാണ (64). പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ചു.
ബിസിനസുമായി ബന്ധപ്പെട്ട് 1997മുതൽ കാനഡയിലാണ്. ഹെഡ്‌ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കും അടുപ്പിച്ചു. എൻ ഐ എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കർ ഇ തയ്ബ സ്ഥാപകൻ സാക്കിയുർ റഹ്‌മാൻ തുടങ്ങിയവർ ചേർന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്‌തത്.
ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ സന്ദർശിച്ചതും ഭീകരർക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കിയതും റാണയെന്ന് കുറ്റപത്രത്തിൽ. യു എസ് അന്വേഷണ ഏജൻസി എഫ് ഐ ബി 2009 ഒക്‌ടോബറിൽ ഹെഡ‌്‌ലിയെയും റാണയെയും അറസ്റ്റു ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |