കോട്ടയം : തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വേലിയേറ്റത്തിൽ കടലിൽ നിന്ന് ഒഴുകിയെത്തുന്ന ഉപ്പുവെള്ളം ആറുകളിലും തോടുകളിലും എത്തി കുടിവെള്ള വിതരണം തടസപ്പെടുമെന്ന ആശങ്ക ഉയരുന്നു. മുൻ വർഷങ്ങളിൽ മീനച്ചിലാറ്റിൽ താത്ക്കാലിക തടയണ നിർമ്മിച്ച് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്നു. ഇത്തണ തടയണ നിർമ്മാണത്തിന്റെ പ്രാരംഭ ടെൻഡർ പോലും ആരംഭിച്ചിട്ടില്ല. ഇതിന് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് പറയുന്നത്. ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലായതിനാൽ മോട്ടോർ തകരാറിലാകും, പമ്പിംഗിനെയും ബാധിക്കും. കുടിവെള്ളത്തിൽ ഉപ്പ് കലരുന്നത് ജലജന്യരോഗങ്ങൾക്കും പകർച്ചവാധികൾക്കും കാരണമാകും. ഡിസംബർ 15 ന് ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി മാർച്ച് 15 ന് തുറക്കുകയാണ് പതിവ്. കൃഷി പൂർത്തിയാകാത്തതിനാൽ ഒരു മാസം വൈകിയാണ് ബണ്ട് തുറന്നത്. 90 ഷട്ടറുകളുള്ളതിൽ ഒരു ലോക്ക് ഉൾപ്പെടെ ആറ് ഷട്ടറുകൾ മാത്രമാണ് തുറന്നതെങ്കിലും ഒഴുക്കായി. വരും ദിവസങ്ങളിൽ കൂടുതൽ ഷട്ടറുകൾ തുറക്കും. ഇതോടെ ബണ്ടിനിപ്പുറം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ കടലിലേക്കൊഴുകും. രൂക്ഷമായ വരൾച്ച മൂലം ജലനിരപ്പ് വളരെയധികം കുറഞ്ഞതിനാൽ ആറുകളിലും തോടുകളിലും ഉപ്പുവെള്ളം കയറും. ഇത് കൂടാതെയാണ് പോളയും പായലും ചീഞ്ഞഴുകുന്ന പ്രശ്നം വേറെയും.
തട്ടിക്കൂട്ട് തടയണ നിർമ്മിച്ച് തലയൂരും
സ്ഥിരം തടയണ എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഉദ്യോഗസ്ഥ, ജപ്രതിനിധി കൂട്ടുകെട്ടിന് കമ്മിഷനടിക്കാൻ തട്ടിക്കൂട്ട് തടയണ നിർമ്മിച്ച് സ്ഥലം വിടുകയാണ്. മണ്ണും തെങ്ങിൻ കുറ്റിയും അടിച്ച് തയ്യാറാക്കുന്ന തടയണ പൊളിച്ച് കളയുന്നതടക്കമാണ് ടെൻഡർ, എന്നാൽ വേനൽ മഴ ശക്തമായാൽ പൊളിക്കാതെ തടയണ തകരും. വർഷങ്ങളായി തടയണയുടെ മണ്ണും കുറ്റികളും നീക്കം ചെയ്യാതെ ആറ്റിൽകിടക്കുന്നത് നദിയുടെ സ്വാഭാവിക ഒഴുക്കിനെയും ബാധിക്കും.
മത്സ്യത്തൊഴിലാളികൾ ഹാപ്പി
ഉപ്പുവെള്ളം കയറുന്നത് മത്സ്യങ്ങളുടെ പ്രജനനത്തിനും കക്കയുടെ വംശവർദ്ധനയ്ക്ക് സഹായകമാണ്. നാടൻ മുഷി, കോല, വാളക്കൂരി, ആറ്റുവാള, വരാൽ, ആറ്റുകൊഞ്ച്, ചെമ്മീൻ, പൂമീൻ, നഞ്ചു കരിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനം ഏപ്രിൽ, മേയ് മാസങ്ങളിലാണ് നടക്കുന്നത്. ബണ്ട് അടഞ്ഞു കിടന്നതു മൂലം ഉപ്പുവെള്ളം ഇതുവരെ കായലിലേക്ക് കയറാത്തതിനാൽ ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചിരുന്നു. കുട്ടനാട്ടിൽ ചില സ്ഥലങ്ങളിൽ കൊയ്ത്ത് പൂർത്തിയായില്ലെങ്കിലും ബണ്ട് തുറക്കണമെന്ന ആവശ്യം ശക്തമാക്കി മത്സ്യതൊഴിലാളികൾ രംഗത്തുവന്നത് ഇക്കാരണത്താലാണ്.
''ഷട്ടർ തുറന്നത് മൂലം ദുർബലാവസ്ഥയിലായ പുറംബണ്ട് തകർന്ന് നെൽകൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വേനൽ മഴയിൽ തോടുകളിലെ ജലനിരപ്പ് ഉയർന്നതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഗോപാലാൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |