കോട്ടയം: മഴ പെയ്തിട്ടും പകൽച്ചൂടിന്റെ കാഠിന്യമേറിയതോടെ പൈനാപ്പിൾ കൃഷി പ്രതിസന്ധിയിൽ. റംസാൻ സീസണിൽ മികച്ച് വിളവ് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർക്കാണ് കൈപൊള്ളിയത്. മുൻവർഷങ്ങളേക്കാൾ കടുത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇതോടെ കൈത ചെടികൾ വേഗത്തിൽ ഉണങ്ങാൻ തുടങ്ങി. ചെടികൾ വാടി ഫംഗസ് രോഗം വന്ന തോട്ടത്തിലെ കൈതയ്ക്ക് സമാനമായി. പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്. വളം ലഭിക്കുന്നതിനും ക്ഷാമം നേരിടുന്നുണ്ട്. ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്‌നീഷ്യം എന്നിവയാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ. നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണ് തണലൊരുക്കുന്നത്. വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.
വിളവ് കുറവ്, ഗുണവും
ചൂടിനെ പ്രതിരോധിക്കാൻ വിവിധ രീതികൾ പ്രയോഗിച്ചെങ്കിലും നല്ല കൈതച്ചക്ക ലഭിക്കുന്നില്ല. ഓരോ വർഷവും രംഗത്ത് നിന്ന് നിരവധി പേരാണ് പിൻവാങ്ങുന്നത്. സംസ്ഥാനത്ത് എറണാകുളം കഴിഞ്ഞാൽ പിന്നീട് ഉത്പാദനം നടക്കുന്നതിൽ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. പൊൻകുന്നം, ളാക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മണർകാട്, അയർക്കുന്നം, മറ്റക്കര, അമയന്നൂർ, നെടുംകുന്നം തുടങ്ങി വിവിധ മേഖലകളിലാണ് ജില്ലയിൽ കൈതകൃഷിയുള്ളത്. പാട്ട വ്യവസ്ഥയിലാണ് പലയിടത്തും കൃഷി നടത്തുന്നത്. ഇതിന്റെ തുകയ്‌ക്കൊപ്പം കൂലിച്ചെലവും വർദ്ധിച്ചതോടെ കൃഷി ആദായകരമല്ല.
''ആഭ്യന്തര ഉപഭോഗം കഴിഞ്ഞും ഏറെ കയറ്റുമതി സാദ്ധ്യതയുള്ള ഫലമാണ് പൈനാപ്പിൾ. പൈനാപ്പിൾ ഉപയോഗിച്ച് മൂല്യവർദ്ധിത വസ്തുക്കൾ ഉണ്ടാക്കാനുള്ള സംവിധാനം ഉണ്ടെങ്കിൽ മാത്രമേ സ്ഥായിയായ നിലനിൽപ്പ് സാദ്ധ്യമാകൂ.
-ജോബിൻ, കർഷകൻ
കിലോയ്‌ക്ക് 50
നിലവിൽ പൈനാപ്പിളിന് കിലോയ്ക്ക് 50 രൂപയാണ് വില. പൈനാപ്പിളിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ വിപണിയായ വാഴക്കുളത്ത് 54 രൂപയാണ് വില. എന്നാൽ ഈ വിലയ്ക്ക് വേണ്ട ഗുണനിലവാരത്തിൽ പൈനാപ്പിൾ ലഭിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |