കോഴിക്കോട്: സെെബർ തട്ടിപ്പിനെതിരെ കേന്ദ്രസർക്കാരും റിസർവ് ബാങ്കും പൊലീസും കച്ചമുറുക്കിയിട്ടും തട്ടിപ്പിനൊരു കുറവുമില്ല. കോഴിക്കോട് എലത്തൂർ സ്വദേശിയും ജലസേചന വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ വയോധികന് 8.8 ലക്ഷം നഷ്ടപ്പെട്ട വിരവം കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. ജനുവരി, ഫെബ്രവുരി മാസങ്ങളിൽ മാത്രം കോഴിക്കോട്ട് നാല് കേസുകളിലായി ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞവർഷം 46 കേസുകളിലായി നഷ്ടമായത് 23 കോടിയിലധികം. മുംബയിൽ ജോലി ചെയ്തിരുന്ന കാലത്ത് മുനഷ്യക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പറഞ്ഞ് മുംബയ് പൊലീസെന്ന വ്യാജേന വീഡിയോ കാളിലെത്തിയാണ് എലത്തൂർ അത്താണിക്കൽ ചാപ്പുണ്ണി നമ്പ്യാരിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വിവരം നൽകിയതാണ് വിനയായത്. വിദേശത്ത് മയക്കുമരുന്ന് കേസിൽ പെട്ടിട്ടുണ്ടെന്നും വീഡിയോ കാൾ വിളിച്ച് അറസ്റ്റിലാണെന്നും തട്ടിപ്പുകാർ പറയാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഭയക്കരുതെന്ന് റിസർവ് ബാങ്കും പൊലീസും പറയുന്നു. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുമെന്നു പറഞ്ഞാൽ തട്ടിപ്പുകാർ കാൾ കട്ടാക്കുകയാണ് .
പൊലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വേഷത്തിലുമെത്തി ഭീഷണിപ്പെടുത്താറുണ്ട്. വിദേശത്തുള്ള മക്കൾ മയക്കുമരുന്ന് കേസിലും മറ്റും പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ സംഭവങ്ങളുമുണ്ട്. 2024ൽ എറണാകുളം (174 കോടി), തിരുവനന്തപുരം (114 കോടി) ജില്ലകൾക്കാണ് കൂടുതൽ തുക നഷ്ടമായത്. കുറവ് വയനാടിനും, 9.2 കോടി.
സുവർണ മണിക്കൂർ
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരുടെ പേരിലടക്കം പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ട് വ്യാജ ടി വി ചാനൽ വീഡിയോകൾ പ്രചരിപ്പിച്ചും പണം തട്ടുന്ന സംഘം വ്യാപകമാണ്. തട്ടിപ്പിന് ഇരയായാൽ ആദ്യ ഒരു മണിക്കൂറിനകം വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനാകും. അറിയിക്കേണ്ട നമ്പർ 1930
കേരളത്തിൽ തട്ടിപ്പ് ഇങ്ങനെ
(വർഷം, തുക കോടിയിൽ)
2022.... 48
2023.... 210
2024.... 763
തിരിച്ചുപിടിച്ചത്
(വർഷം, തുക കോടിയിൽ)
2022.... 4.38
2023.... 37.16
2024.... 107.44
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |