തിരുവനന്തപുരം: ശബരി റെയിൽപ്പാത കൊങ്കൺ മാതൃകയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നിർമ്മിക്കണമെന്ന് സർക്കാരിന് ശുപാർശ. തമിഴ്നാട്, കർണാടകം, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളെ സഹകരിപ്പിക്കണം. ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഫെഡറേഷനാണ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്. സാദ്ധ്യത സർക്കാർ പരിശോധിക്കും.
3801കോടി ചെലവുള്ള പദ്ധതിയിൽ 1900.47കോടി സംസ്ഥാനം മുടക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധികാരണം ഇത്രയും തുക കണ്ടെത്താൻ കേരളത്തിന് മാത്രമായി കഴിയുന്നില്ല. 317കോടി വീതം ഈ സംസ്ഥാനങ്ങൾ മുടക്കിയാൽ പദ്ധതി പെട്ടെന്ന് നടപ്പാവും. സംസ്ഥാനത്തിന്റെ വായ്പാപരിധി വർദ്ധിപ്പിച്ചാൽ വിഹിതം നൽകാമെന്ന് ഫെബ്രുവരിയിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. തർക്കം കാരണം പദ്ധതി അനിശ്ചിതമായി നീളുകയാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തന്മാർക്ക് വേഗത്തിലും സുരക്ഷിതമായും എത്താൻ അങ്കമാലി-എരുമേലി ശബരിപ്പാത ഉപകരിക്കും.
മറ്റ് സംസ്ഥാനങ്ങൾക്കു മുന്നിൽ കേരളം പദ്ധതി അവതരിപ്പിക്കുകയും സഹായം അഭ്യർത്ഥിക്കുകയും വേണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ശബരിറെയിൽ കോർപറേഷൻ രൂപീകരിക്കുന്നത് ആലോചിക്കണമെന്നും ശപാർശയുണ്ട്.
ജനങ്ങളിൽ നിന്ന് പണംസമാഹരിക്കുന്ന ക്രൗഡ്ഫണ്ടിംഗും ഉപയോഗിക്കാം. വ്യവസായികളുടെയും സംഘടനകളുടെയും അയ്യപ്പഭക്തരുടെയും പ്രവാസികളുടെയുമെല്ലാം സംഭാവന സ്വീകരിക്കണം. ഇതിന് സർക്കാർ വെബ്സൈറ്റും പ്രത്യേക അക്കൗണ്ടും തുടങ്ങണം.
142കോടിയുണ്ട്,
ചെലവിടാനാവില്ല
കേന്ദ്രബഡ്ജറ്റിൽ ശബരിപാതയ്ക്ക് 142കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ചെലവഴിക്കാനാവില്ല. പദ്ധതി മരവിപ്പിച്ച് 2019 സെപ്തംബറിൽ റെയിൽവേ ഇറക്കിയ ഉത്തരവാണ് കാരണം. പകുതിച്ചെലവിന് കേരളം കരാറൊപ്പിട്ടാലേ റെയിൽവേ വിഹിതം ചെലവഴിക്കാനാവൂ
കൊങ്കണിലെ
വിജയമാതൃക
741കിലോമീറ്റർ കൊങ്കൺ പാതയ്ക്കുള്ള 3375കോടിയിൽ റെയിൽവേ 408, മഹാരാഷ്ട്ര 176, ഗോവയും കേരളവും 48 കോടി വീതം മുടക്കി ഓഹരിയെടുത്തു
ബാക്കി തുക ആഭ്യന്തര കമ്പോളത്തിൽ നിന്ന് ബോണ്ടായി സമാഹരിച്ചു. ഭൂമിയേറ്റെടുക്കലിന് 144 കോടി നൽകിയതിങ്ങനെയാണ്
ബോണ്ടുകളുടെ തിരിച്ചടവിന് കൊങ്കൺവഴിയുള്ള ടിക്കറ്റിന് അധികതുക ഈടാക്കുന്നു. സ്ലീപ്പറിൽ 120, എ.സിയിൽ 300 രൂപ വീതം അധികം
92 തുരങ്കങ്ങൾ, 149 വമ്പൻ പാലങ്ങൾ, 1819 ചെറുപാലങ്ങൾ ഉൾപ്പെടുന്ന പാത ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഏഴര വർഷം കൊണ്ട് നിർമ്മിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |