കളങ്കാവൽ. കൗതുകം ഉണർത്തുന്ന ടൈറ്റിൽ. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിൽ 21 നായികമാർ കൂടിയുണ്ട്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവർ ഉൾപ്പെടുന്നതാണ് നായികമാർ. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തിൽ 21 നായികമാർ. മമ്മൂട്ടി ചിത്രത്തിൽ രജീഷ വിജയൻ എത്തുന്നത് ആദ്യമാണ് . എന്നാൽ 'വൺ' സിനിമയിൽ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുൺ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവം കാണുമെന്ന് ഉറപ്പ് നൽകുന്ന ഫസ്റ്ര് ലുക്ക്പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. സിനിമയിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകൻ നായകനും എന്ന തരത്തിൽ ചർച്ചകൾ ഉയരുകയും ചെയ്തു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകൻ, മമ്മൂട്ടി എന്ന പോസ്റ്റർ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവൽ'. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' സിനിമയുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്.ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ, ജോസ് എന്നിവർ ചേർന്നാണ് തിരക്കഥ.ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.കളങ്കാവൽ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.
അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ഉടൻ ജോയിൻ ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നീണ്ട താരനിരയുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. അടുത്ത മാസം ചിത്രീകരണം പൂർത്തിയാകും.
അമൽ നീരദ്, നിതീഷ് സഹദേവ് എന്നീ സംവിധായകരുടെ ചിത്രങ്ങൾ മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്. അമൽ നീരദ് ചിത്രം ബിലാൽ ആയിരിക്കുമെന്നാണ് വാർത്തകൾ. ഫാലിമിക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. നടൻ അനുരാജ് ഒ.ബിയും നിതീഷ് സഹദേവും ചേർന്നണ് രചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |