ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്ക് വെെറസ് പടർത്തുകയാണെന്നും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായിട്ടാണ് അവർ കണക്കാക്കുന്നതെന്നുമാണ് മോദിയുടെ ആരോപണം. ഹരിയാനയിലെ ഹിസാറിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി ഉണ്ട്. എന്നാൽ ഈ ഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാൻ ശരിയായ രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
'വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യങ്ങൾ ആവശ്യക്കാർക്ക് നൽകിയിരുന്നെങ്കിൽ അത് അവർക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാൽ ഈ സ്വത്തുക്കളിൽ നിന്ന് പ്രയോജനം കിട്ടിയത് ഭൂമാഫിയയ്ക്കാണ്. വഖഫ് നിയമത്തിലൂടെ സാമൂഹിക നീതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഭേദഗതികൾ വരുത്തി വഖഫ് നിയമത്തിൽ പുതിയ മാറ്റമുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെ കൊള്ളയടിക്കുന്നതും അവസാനിക്കും.
പുതിയ വഖഫ് നിയമപ്രകാരം ഒരു ആദിവാസിയുടെ ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതി. ഡോ. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു. പക്ഷേ കോൺഗ്രസ് ഭരണഘടനയെ തകർക്കുകയാണ് ചെയ്തത്. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വെെറസ് പ്രചരിപ്പിക്കുന്നു.'- മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |