മുള്ളന്‍പൂര്‍ (മൊഹാലി): കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അടിച്ച് തകര്‍ത്ത പഞ്ചാബ് കിംഗ്‌സിന് ഇന്ന് ബാറ്റിംഗില്‍ കൂട്ടത്തകര്‍ച്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 15.3 ഓവറില്‍ 111 റണ്‍സിന് പഞ്ചാബിന്റെ പേരുകേട്ട ബാറ്റിംഗ് നിര കൂടാരം കയറുകയായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 22(12), പ്രഭ്‌സിംറാന്‍ സിംഗ് 30(15) എന്നിവര്‍ മികച്ച തുടക്കം നല്‍കിയതിന് ശേഷമാണ് ബാറ്റിംഗ് പിച്ചില്‍ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പഞ്ചാബ് കൂട്ട ആത്മഹത്യ നടത്തിയത്.
3.2 ഓവറില്‍ 39 റണ്‍സ് എന്ന നിലയില്‍ ടീം സ്‌കോര്‍ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. പ്രിയാന്‍ഷ് ആര്യ പുറത്തായതിന് പിന്നാലെ അതേ ഓവരില്‍ നായകന്‍ ശ്രേയസ് അയ്യര്‍ 0(2) മടങ്ങി. ജോഷ് ഇംഗ്ലിസ് 2(6) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയപ്പോള്‍ ഹര്‍ഷിത് റാണയ്ക്ക് മൂന്നാമത്തെ വിക്കറ്റ് സമ്മാനിച്ച് പ്രഭ്‌സിംറാനും മടങ്ങിപ്പോയി. നെഹാല്‍ വധേര 10(9), ഗ്ലെന്‍ മാക്‌സ്‌വെല്‍ 7(10) എന്നിവരും ബാറ്റ് വച്ച് കീഴടങ്ങിയപ്പോള്‍ 9.1 ഓവറില്‍ 76ന് ആറ് എന്ന സ്‌കോറിലേക്ക് പഞ്ചാബ് വീണു.
ഇംപാക്ട് സബ് റോളിലെത്തിയ സുയാന്‍ഷ് ഷെഡ്‌ഗെ ഒരു ഇംപാക്ടും ഉണ്ടാക്കാനാകാതെ 4(4) പുറത്തായി. ശശാങ്ക് സിംഗ് 18(17), മാര്‍ക്കോ യാന്‍സന്‍ 1(2), സേവ്യര്‍ ബാര്‍ട്‌ലെറ്റ് 11(15) അര്‍ഷ്ദീപ് സിംഗ് പുറത്താകാതെ ഒരു റണ്‍ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എളിയ സംഭാവനകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഹര്‍ഷിത് റാണ പഞ്ചാബിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. വരുണ്‍ ചക്രവര്‍ത്തിക്കും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ വൈഭവ് അരോറയും ആന്റിച്ച് നോര്‍ക്യയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |