പകരച്ചുങ്കത്തിലെ നഷ്‌ടം നികത്തി ഓഹരികൾ
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് ശേഷമുണ്ടായ നഷ്‌ടം പൂർണമായി നികത്തുന്ന ആദ്യ ഓഹരി വിപണിയായി ഇന്ത്യ. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ മുഖ്യ സൂചികയായ സെൻസെക്സ് 1577.43 പോയിന്റ് വർദ്ധിച്ച് 76,734.63ൽ എത്തി. നിഫ്‌റ്റി 500 പോയിന്റ് ഉയർന്ന് 23,328.55ൽ അവസാനിച്ചു. ഇന്നലെത്തെ മുന്നേറ്റത്തിൽ സെൻസെക്സും നിഫ്‌റ്റിയും ഏപ്രിൽ രണ്ടിലെ ഉയരത്തിലേക്കാണ് തിരിച്ചെത്തിയത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഓഹരി വിപണി കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിട്ടത്. എന്നാൽ 90 ദിവസത്തേക്ക് പകരച്ചുങ്കം മരവിപ്പിച്ചതോടെ വിപണി ശക്തമായി തിരിച്ചുകയറി. റിയൽറ്റി, ബാങ്കിംഗ്, വാഹന മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ഏഷ്യയിലെയും യൂറോപ്പിലെയും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുതിയ ആഗോള സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയും യു.എസുമായുള്ള വ്യാപാര കരാർ താമസിയാതെ യാഥാർത്ഥ്യമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
യു.എസുമായി വ്യാപാര കരാറിന് പ്രാഥമിക ധാരണ
ഉഭയകക്ഷി വ്യാപാര കരാറിലെ ആദ്യ ഘട്ടത്തിൽ പരിഗണിക്കേണ്ട പ്രധാന വിഷയങ്ങൾ സംബന്ധിച്ച് ഇന്ത്യയും യു.എസുമായി ധാരണാപത്രം ഒപ്പുവച്ചെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാർത്‌വാൾ പറഞ്ഞു. അമേരിക്കയുമായി വ്യാപാര ഇടപാടുകളിൽ ഉദാര നയ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2030ൽ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാരം 50,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യം. അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ പകുതിയിലധികം കുറയ്ക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ വർദ്ധന
11 ലക്ഷം കോടി രൂപ
ഉണർവിന് പിന്നിൽ
1. ചൈനയൊഴികെയുള്ള രാജ്യങ്ങളുടെ പകരച്ചുങ്കം ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്
2. ചൈനയ്ക്ക് ബദലായ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറുമെന്ന നിക്ഷേപകരുടെ പ്രതീക്ഷ
3. വിദേശ ഫണ്ടുകൾ പണം പിൻവലിക്കുമ്പോഴും ആഭ്യന്തര നിക്ഷേപകർ സജീവമാകുന്നു
4. ആഭ്യന്തര ഉപഭോഗം ശക്തമായതിനാൽ വ്യാപാര യുദ്ധം ബാധിക്കില്ലെന്ന വിലയിരുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |