ഓഹരി, രൂപ നേട്ട പാതയിൽ
പലിശ കുറയുന്നതും അനുകൂല കാലാവസ്ഥയും ഇന്ത്യയ്ക്ക് നേട്ടമാകും
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് തിളക്കമേറുന്നു. ഓഹരി വിപണിയിലെ കുതിപ്പും കുറയുന്ന നാണയപ്പെരുപ്പവും പലിശ താഴാനുള്ള സാഹചര്യവും ദീർഘകാലത്തേക്ക് ഇന്ത്യയ്ക്ക് നേട്ടമാകുന്നു. വിദേശ നിക്ഷേപകർ തിരിച്ചെത്തിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഗണ്യമായി മെച്ചപ്പെട്ടതും അനുകൂലമാണ്. കാർഷിക, വ്യാവസായിക മേഖലയിലെ ഉണർവും ആഭ്യന്തര ഉപഭോഗത്തിലെ വർദ്ധനയും നടപ്പു സാമ്പത്തിക വർഷംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനം വരെ ഉയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കാലവർഷം മെച്ചപ്പെടുന്നതോടെ ഇന്ത്യയുടെ കാർഷിക ഉത്പാദനം കുത്തനെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോഗം കൂടുമെന്ന പ്രതീക്ഷയിൽ എഫ്.എം.സി.ജി കമ്പനികൾ ഉത്പാദനം ഉയർത്താൻ ഒരുങ്ങുകയാണ്.
ഓഹരി കുതിപ്പ് തുടരുന്നു
വിദേശ നിക്ഷേപകർ ശക്തമായി തിരിച്ചെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. സെൻസെക്‌സ് 317 പോയിന്റ് ഉയർന്ന് 77,051ൽ അവസാനിച്ചു, നിഫ്‌റ്റി 109 പോയിന്റ് നേട്ടവുമായി 23,437ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും നേട്ടമുണ്ടാക്കി. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യൻ ഓഹരികൾ മുന്നേറുന്നത്.
രൂപയ്ക്കും കുതിപ്പ്
ഡോളറിനെതിരെ രൂപയുടെ മൂല്യം 85.69 വരെ ഉയർന്നു. വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ആഗോള മേഖലയിൽ ഡോളർ ദുർബലമാകുന്നതുമാണ് രൂപയ്ക്ക് കരുത്ത് പകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |