പനീർ വിഭവങ്ങൾ ഇഷ്ടമുള്ള നിരവധി പേരുണ്ട്. എന്നാൽ അവരെ ഭീതിയിലാഴ്ത്തുന്ന ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ് യൂട്യൂബർ സാർത്ഥക് സച്ച്‌ദേവ. മുംബയിലെ ഏറ്റവും ഗ്ലാമറസായതും സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ളതുമായ ചില റെസ്റ്റോറന്റുകളിൽ വിളമ്പുന്ന പനീറിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് യുവാവ് വീഡിയോ ചെയ്തത്.
യഥാർത്ഥ പനീറാണോ അതോ മായം ചേർത്ത പനീറാണോ വിളമ്പുന്നത് എന്ന് കണ്ടെത്താനുള്ള പരിശോധനയാണ് യുവാവ് നടത്തിയത്. വിരാട് കോഹ്ലിയുടെ 'വൺ 8 കമ്യൂണിൽ' നിന്നാണ് സാർത്ഥകിന്റെ പരീക്ഷണ വീഡിയോ ആരംഭിച്ചത്. തുടർന്ന് ശിൽപ ഷെട്ടിയുടെ ബാസ്റ്റിയനും ബോബി ഡിയോളിന്റെ സംപ്ലേസ് എൽസും സന്ദർശിച്ചു. എല്ലായിടത്തുനിന്നും അദ്ദേഹം പനീർ വിഭവങ്ങൾ ഓർഡർ ചെയ്തു. തുടർന്ന് പനീർ വ്യാജമാണോയെന്നറിയാൻ അയഡിൻ അടക്കമുള്ളവ ഉപയോഗിച്ച് പരീക്ഷണം നടത്തി.
മൂന്ന് ഭക്ഷണശാലകളിൽ പരീക്ഷണം നടത്തിയപ്പോൾ കാര്യമായി പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. എന്നാൽ ഗൗരി ഖാന്റെ ടോറി എന്ന റെസ്റ്റോറന്റിൽ നാടകീയമായ ചില സംഭവങ്ങളുണ്ടായി. അവിടെ വിളമ്പിയ പനീറിൽ അയഡിൻ ഇട്ടപ്പോൾ, പനീർ ഇരുണ്ടതായി വീഡിയോയിൽ കാണിക്കുന്നു. ഇത് വ്യാജ പനീറായതിനാലാണെന്നും ഇതിൽ മായം ഉണ്ടായിരിക്കാമെന്നുമൊക്കെയാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.
ഗൗരി ഖാന്റെ സഹ ഉടമസ്ഥതയിലുള്ള ടോറി എന്ന ഉയർന്ന നിലവാരമുള്ള ഭക്ഷണശാലയാണെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു. 'അയഡിൻ പരിശോധന പനീറിന്റെ ശുദ്ധതയെയല്ല, സ്റ്റാർച്ചിന്റെ സാന്നിദ്ധ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിഭവത്തിൽ സോയ അടിസ്ഥാനമാക്കിയുള്ള ചേരുവകൾ അടങ്ങിയിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞങ്ങളുടെ പനീർ ശുദ്ധമാണ്.'- എന്നാണ് അധികൃതരുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |