തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് സ്ഥാനാർത്ഥി ക്ഷാമമില്ലെന്നും, എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തിലാണോ എന്ന ചോദ്യത്തിന്, സർക്കാരിനെ വലിയിരുത്താൻ നിലമ്പൂർ മാത്രം നോക്കേണ്ടതുണ്ടോ എന്നായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഈ പ്രതികരണം.
യു.ഡി.എഫിൽ വലിയ പ്രശ്നങ്ങളുണ്ട്. പി.വി അൻവറിന്റെ സ്ഥാനാർത്ഥിയാണോ, യു.ഡി.എഫ് സ്ഥാനാർത്ഥിയാണോ വേണ്ടത് എന്നതിൽ തർക്കം നടക്കുകയാണ്.
കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് സി.പി.എം എന്ന യു.ഡി.എഫ് നേതാക്കളുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, അവിടെ നിന്ന് ആരെയാണ് പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുചോദ്യം. ഇടതുമുന്നണിയുടെ പിന്തുണയോടെ ആര്യാടൻ മുഹമ്മദ് നിലമ്പൂരിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയുള്ളത് പാതിവെന്ത കേസാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വിവരങ്ങൾ പുറത്തുവരട്ടെ അപ്പോൾ കൂടുതൽ സംസാരിയ്ക്കാം.
പ്രൈവറ്റ് സെക്രട്ടറിയെ
മുഖ്യമന്ത്രി തീരുമാനിക്കും
കെ.കെ. രാഗേഷിനു പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ വെളിപ്പെടുത്തി. പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. ഉദ്യോഗസ്ഥനെ വേണോ അതോ മറ്റു തീരുമാനമാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണല്ലോ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയാണു നിശ്ചയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |