കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടാക്കിയ പുകിലുകൾ ഒട്ടേറെ. അന്നെല്ലാം ഭാഗ്യം കൊണ്ട് തലയൂരുകയായിരുന്നു.
സംവിധാന സഹായിയായി എത്തി ചെറുവേഷങ്ങൾ ചെയ്തിരുന്ന ഷൈൻ ടോം 2015ലാണ് കൊക്കെയ്ൻ കേസിൽ അകപ്പെട്ട് വാർത്തകളിൽ നിറഞ്ഞത്. കൊക്കെയ്ൻ ഉപയോഗിച്ചെന്നും കൈവശം വച്ചെന്നുമാരോപിച്ച് ഷൈനിനെയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു എന്നിവരെയും കടവന്ത്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ ദിവസം റിമാൻഡിലും കഴിയേണ്ടിവന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും 10 വർഷത്തിനുശേഷം അടുത്തിടെയാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. രക്തസാമ്പിൾ പരിശോധനയിൽ നെഗറ്റീവ് ആയതടക്കമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
കൊവിഡ് കാലത്തിനുശേഷം കൈനിറയെ സിനിമകൾ ലഭിച്ച ഷൈൻ ടോം ചാക്കോ വീണ്ടും വാർത്തകളിൽ നിറഞ്ഞു. അഭിമുഖങ്ങളിൽ അസ്വാഭാവികമായി പെരുമാറുക, പ്രകോപിതനായി ഇറങ്ങിപ്പോവുക തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. 2022ൽ 'തല്ലുമാല" സിനിമയുടെ സെറ്റിൽ നാട്ടുകാരുമായി തല്ലുണ്ടാക്കി. സിനിമാ സെറ്റിലെ മാലിന്യങ്ങൾ റോഡിൽ തള്ളുന്നുവെന്നും ഗതാഗതക്കുരുക്കുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് നാട്ടുകാർ കളമശേരിയിലെ ലൊക്കേഷനിലെത്തിയത്. ഷൈൻ ഇവരോട് തട്ടിക്കയറിയതോടെ കൂട്ടയടിയായി. പൊലീസിനും ഇടപെടേണ്ടി വന്നു.
ഇതേവർഷം തന്നെയാണ് ദുബായിൽ നിന്നുള്ള വിമാനത്തിന്റെ കോക്പിറ്റിൽ കടന്നുകയറാൻ ശ്രമിച്ചത്. ദുബായ് എമിഗ്രേഷൻ ഇടപെട്ട് നടനെ വിമാനത്തിൽ നിന്ന് പുറത്താക്കി. പൈലറ്റ് ശരിയായി വിമാനം പറത്തുന്നുണ്ടോയെന്ന് നോക്കിയതാണെന്നായിരുന്നു ഷൈൻ ടോമിന്റെ പ്രതികരണം.
പുതിയ പ്രശ്നമാണ് ഇപ്പോൾ നേരിടുന്നത്. കഞ്ചാവും മെത്താംഫെറ്റമിനും സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നാണ് മൊഴി. ഒരിക്കൽ പിതാവ് കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തിലാക്കിയിട്ടുണ്ടെന്നും 12 ദിവസം അവിടെ കഴിഞ്ഞെന്നും വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഷൈൻ ടോമിലൂടെ ലഹരി മാഫിയയുടെ കണ്ണികളിലേക്ക് എത്തിച്ചേരാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |