റോം: 88-ാം വയസിൽ ഇരട്ട ന്യുമോണിയ ബാധിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവനുവേണ്ടി പ്രാർത്ഥിച്ചത് ദശലക്ഷക്കണക്കിന് ജനങ്ങളാണ്. ഇന്നിതാ പ്രാർത്ഥനകളെല്ലാം വിഫലമാക്കി അദ്ദേഹം കാലം ചെയ്‌തു. ചെറുപ്പം മുതലേ ശ്വാസകോശ പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ അലട്ടിയിരുന്നു. 21-ാം വയസിൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ന്യുമോണിയ പിടിപെടുകയും അണുബാധ മൂലം ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കുകയും ചെയ്തു. സമീപ വർഷങ്ങളിൽ ശൈത്യകാലത്ത് ബ്രോങ്കൈറ്റിസ്, പനി എന്നിവയും അലട്ടി.
കാൽമുട്ടിലെ പ്രശ്നങ്ങൾ മൂലം വീൽചെയറോ വാക്കറോ ഊന്നുവടിയോ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് അദ്ദേഹം രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ 2021 മുതൽ പ്രചരിച്ചിരുന്നു. എന്നാൽ അഭ്യൂഹങ്ങളെ അദ്ദേഹം തള്ളി പലപ്പോഴും രംഗത്തെത്തിയിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പ വളരെ ചെറുപ്പകാലം മുതലേ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നു. 1957ൽ തന്റെ 20കളിൽ ശ്വാസകോശ അണുബാധ ഉണ്ടായതിനാലാണ് ശ്വാസകോശത്തിന്റെ ഒരുഭാഗം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്. ഇതോടെ അദ്ദേഹത്തിന് പിന്നീടുള്ള ജീവിതത്തിൽ പലപ്പോഴും ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങൾ അലട്ടിയിരുന്നു.
2020 ഡിസംബറിൽ വേദനാജനകമായ സയാറ്റിക്ക എന്ന അവസ്ഥ അദ്ദേഹത്തിനുണ്ടായി. പുറം മുതൽ കാൽവരെ സയാറ്റിക് നാഡിയിലൂടെ ഉയരുന്ന അതികഠിനമായ വേദനയുള്ള അവസ്ഥയാണിത്. എഴുന്നേറ്റ് നടക്കാൻ പോലും പാടുപെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അടുത്ത വർഷം, 2021 ജൂലായിൽ പത്ത് ദിവസം മാർപ്പാപ്പ ജെമെല്ലി ആശുപത്രിയിൽ ചെലവഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ വൻകുടലിന്റെ സങ്കോചത്തെ ചികിത്സിക്കുന്നതിനായി ഒരു ശസ്ത്രക്രിയ നടത്തിയെന്നാണ് വിവരം. വൻകുടലിന്റെ ഏകദേശം 33 സെന്റിമീറ്റർ അന്ന് നീക്കം ചെയ്‌തുവെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.
2023 മാർച്ച് മുതൽ ഏപ്രിൽ വരെ ശ്വാസകോശ അണുബാധ കാരണം മൂന്ന് ദിവസം ജെമെല്ലിയിലെ ആശുപത്രിയിൽ ചെലവഴിച്ചു. ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ട അദ്ദേഹത്തിന് അക്യൂട്ട് ബ്രോങ്കൈറ്റിസ് ആണെന്ന് കണ്ടെത്തി. 2023 ജൂണിൽ ഹെർണിയ ശസ്‌ത്രക്രിയ നടത്തിയിരുന്നു. അന്ന് ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം സുഖംപ്രാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |