ഓഹരി, രൂപ, സ്വർണം മുന്നേറ്റം തുടരുന്നു
കൊച്ചി: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയിൽ തുടർച്ചയായ അഞ്ചാം ദിനവും ഇന്ത്യൻ ഓഹരികൾ കുതിച്ചു. പ്രമുഖ സ്വകാര്യ ബാങ്കുകളുടെ മികച്ച പ്രവർത്തന ഫലങ്ങളും ആഗോള വിപണിയിൽ ഡോളർ ദുർബലമാകുന്നതുമാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. ബി.എസ്.ഇ സെൻസെക്‌സ് 855.3 പോയിന്റ് നേട്ടവുമായി 79,408.50ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 273.90 പോയിന്റ് കുതിച്ച് 24,125.55ൽ എത്തി. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില രണ്ട് ശതമാനം ഉയർന്ന് 1,950.70 രൂപയിൽ എത്തി റെക്കാഡിട്ടു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഓഹരി വിലയും റെക്കാഡ് ഉയരമായ 1,436 രൂപയിലെത്തി. ഐ.ടി, വാഹന മേഖലകളിലെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യ മികച്ച സാമ്പത്തിക വളർച്ച നേടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് ഊർജം പകരുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായി കുറയുന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.
വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറിൽ
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ബോംബെ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വീണ്ടും അഞ്ച് ലക്ഷം കോടി ഡോളർ കവിഞ്ഞു. നിലവിൽ യു.എസ്.എ, ചൈന, ജപ്പാൻ, ഹോങ്കോംഗ് എന്നിവയാണ് അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള മറ്റ് വിപണികൾ. ഏപ്രിൽ ഏഴിന് ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം 4.5 ലക്ഷം കോടി ഡോളർ വരെ താഴ്ന്നിരുന്നു.
ഊർജം പകരുന്നത്
1. ജനുവരി-മാർച്ച് മാസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തന ലാഭം മെച്ചപ്പട്ടത് സാമ്പത്തിക മേഖലയിലെ ഉണർവിന്റെ സൂചനയാണെന്ന വിലയിരുത്തൽ
2. ഇന്ത്യയുടെ വളർച്ച സാദ്ധ്യതയിൽ വിശ്വാസമേറിയതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഊർജിത വീര്യത്തോടെ ഓഹരി വിപണിയിലേക്ക് പണമൊഴുക്കുന്നു
3. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതിനാൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപ സാദ്ധ്യതയേറുന്നു
4. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ആദ്യ നടപടികൾ നടപ്പുവർഷം പൂർത്തിയാകുമെന്ന കേന്ദ്ര സർക്കാരിന്റെ വിശദീകരണം
നാല് ദിവസത്തിനിടെ ലഭിച്ച വിദേശ നിക്ഷേപം
2,000 കോടി രൂപ
കരുത്ത് വർദ്ധിപ്പിച്ച് രൂപ
ഡോളറിനെതിരെ തുടർച്ചയായ അഞ്ചാം ദിനവും കരുത്ത് നേടി ഇന്ത്യൻ രൂപ. ആഗോള തലത്തിൽ ഡോളർ ദുർബലമാകുന്നതും വിദേശ നിക്ഷേപകരുടെ പണമൊഴുക്കുമാണ് രൂപയ്ക്ക് നേട്ടമായത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതും അനുകൂലമായി. ഡോളറിനെതിരെ രൂപ ഇന്നലെ 24 പൈസയുടെ നേട്ടത്തോടെ 85.14ൽ വ്യാപാരം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |