നൂറുകണക്കിന് പേരെത്തുന്ന റോഡ് പൂർണമായും തകർന്നു
കാഞ്ഞാർ: ഇടുക്കി- കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ വന്നു പോകുന്ന ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴി കണ്ടാൽ തോന്നും ഈ റോഡിൽ ടാർ വീണിട്ടേയില്ലെന്ന്. രണ്ട് വഴികളിലൂടെയാണ് വിനോദ സഞ്ചാരികൾ ഇലവീഴാപൂഞ്ചിറയിലേക്ക് പോകുന്നത്. കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിൽ നിന്നും തൊടുപുഴ- മൂലമറ്റം റോഡിൽ കാഞ്ഞാറിൽ നിന്ന് തിരിഞ്ഞ് കൂവപ്പള്ളി ചക്കിക്കാവ് വഴിയും. ഇതിൽ കാഞ്ഞിരം കവലയിൽ നിന്നുമുള്ള റോഡ് ആധുനിക രീതിയിൽ ടാർ ചെയ്തതാണ്. എന്നാൽ ചക്കിക്കാവ് വഴിയുള്ള റോഡ് പലയിടത്തും തകർന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാതായി മാറി. ഇതുവഴി നിരവധി വാഹനങ്ങളാണ് ഇലവീഴാ പൂഞ്ചിറയിലേക്ക് വരുന്നത്. ഈ വഴിയിൽ പലയിടത്തും റോഡിൽ വലിയ കിടങ്ങ് രൂപപ്പെട്ടിരിക്കുകയാണ്. ചക്കിക്കാവ് വഴി വരുന്ന വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇലവീഴാപൂഞ്ചിറയിൽ എത്തുന്നത്. പലയിടത്തും വാഹനത്തിൽ ഉള്ളവരെ പുറത്തിറക്കിയതു ശേഷമാണ് കിടങ്ങായി കിടക്കുന്ന ഭാഗം കടക്കുന്നത്. കാഞ്ഞിരം കവല വഴി ഇലവീഴാപൂഞ്ചിറയിൽ എത്തുന്നവർ ഇടുക്കി ഭാഗത്തേക്ക് പോകാൻ വേണ്ടി ചക്കിക്കാവ് വഴിയാണ് തിരിച്ചിറങ്ങുന്നത്. വാഹനങ്ങൾ ഇറങ്ങി വരുമ്പോഴാണ് റോഡ് കിടങ്ങായി കിടക്കുന്നത് അറിയുന്നത്. പിന്നെ തിരിച്ച് പോകാനും പറ്റാത്ത അവസ്ഥയാകും. വളരെ ആയാസപ്പെട്ടാണ് കിടങ്ങായി കിടക്കുന്ന ഭാഗത്തിലൂടെ വാഹനങ്ങൾ കടത്തി കൊണ്ടുവരുന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും സ്ഥിരം സംഭവമാണ്. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ പ്രശസ്ത ടൂറിസം മേഖലയായ ഇവിടേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലാതായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
പ്രയോജനം
അനുബന്ധമേഖലയ്ക്കും
കൂവപ്പള്ളി വഴിയുള്ള റോഡ് നന്നാക്കിയാൽ നൂറു കണകണക്കിന് വാഹനങ്ങൾ ഇതുവഴി ഇലാവീഴാ പൂഞ്ചിറയിൽ എത്തിച്ചേരും. അത് ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന കാഞ്ഞാർ, കൂവപ്പള്ളി, ചക്കിക്കാവ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഏറെ ഗുണകരമാകും.
അവധി ദിവസങ്ങളിൽ ആയിരങ്ങളെത്തുന്നയിടം
അവധി ദിവസങ്ങളിൽ ഒരു ദിവസം അയ്യായിരം മുതൽ പതിനായിരം വരെ വിനോദ സഞ്ചാരികൾ ഇലവീഴാ പൂഞ്ചിറയിൽ എത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിലുള്ള നിരവധി ട്രിപ്പുകളാണ് ഇവിടെ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |